ഒസാമ ബിൻലാദന്‍റെ മകൻ ഹംസ ബിൻലാദൻ കൊടും ഭീകരനെന്ന് അമേരിക്ക.വേട്ടയാടപ്പെടേണ്ട തീവ്രവാദികളുടെ പട്ടികയിൽ ഹംസ ബിൻലാദനേയും അമേരിക്ക ചേർത്തു.
ഒസാമ ബിൻലാദൻ അമേരിക്കൻ കമാന്‍റോകളുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിന് പിന്നാലെ ഹംസയുടേതായി വന്ന ശബ്ദരേഖ അമേരിക്കൻ പൗരന്മാരെ ലോകത്തെവിടെ വച്ചും വേട്ടയാടുമെന്ന് വ്യക്തമാക്കിയിരുന്നു.

മുപ്പത് വയസു തികയാത്ത ഹംസ അമേരിക്കക്കെതിരെ അൽക്വെയ്ദയുടെ പട നയിക്കുമെന്നാണ് വിലയിരുത്തൽ.ഹംസ അൽക്വെയ്ദയിൽ ചേർന്നതായി അൽ സവാഹിരി 2014ൽ വ്യക്തമാക്കിയിരുന്നു.ഏകാന്തനായ ചെന്നായ എന്നാണ് ഹംസക്ക് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇട്ടിരിക്കുന്ന വിളിപ്പേര്.
ഒസാമ ബിൻലാദന്‍റെ ഏറ്റവും പ്രിയപ്പെട്ട മകനായാണ് ഹംസ അറിയപ്പെടുന്നത്.ബിൻലാദൻ മരിക്കുന്നതിന് എട്ട് വർഷം മുമ്പാണ് ഹംസ അവസാനമായി പിതാവിനെ കാണുന്നത്.ഒസാമയുടെ ഒളിവിടത്തിൽ നിന്ന് കണ്ടെടുത്ത കത്തുകളിൽ ഹംസ ആയുധ പരിശീലനം നേടണമെന്ന ഒസാമയുടെ നിർദേശമുണ്ടെന്ന് പറയപ്പെടുന്നു.













