ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സമാജ് വാദി പാര്‍ട്ടിയിലെ കുടുംബപ്പോരിന് പരിഹാരമായില്ല. പിളര്‍പ്പിന്‍റെ വക്കിലെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക് എന്ന തര്‍ക്കമാണ് തുടരുന്നത്. ഇരു കൂട്ടരുടെയും പിന്തുണ വ്യക്തമാക്കുന്ന വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കുന്നതിനുള്ള തിരക്കിലാണ് മുലായം – അഖിലേഷ് വിഭാഗങ്ങള്‍.
229 എംഎല്‍എമാരില്‍ 200 പേരുടെ പിന്തുണയുണ്ടെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച അഖിലേഷ് പക്ഷം ഭൂരിഭാഗം ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ ഒപ്പിട്ട കത്തും കൈമാറിയിരുന്നു. മുലായം സിങും അവകാശവാദം ഉന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവരുടെയും പിന്തുണ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനായി തിങ്കളാഴ്ച വരെ സമയം നല്‍കിയത്.
ഇതേ തുടര്‍ന്ന് ഇരുപക്ഷവും പിന്തുണയുറപ്പിക്കാനുള്ള കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

229 എംഎല്‍എമാരില്‍ 206 പേര്‍ അഖിലേഷിന് പിന്തുണക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. അഖിലേഷ് പൂര്‍ണമായി പാര്‍ട്ടി പിടിച്ചെടുത്തതോടെ മുലായം പക്ഷത്ത് അംഗബലം കുറഞ്ഞ് വരികയാണ്. അഖിലേഷിന് ചിഹ്നം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെലാം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്ബോള്‍ പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പ് എസ്പിക്ക് വെല്ലുവിളിയാവുകയാണ്.
ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ ബിഎസ്പി തങ്ങളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ല എന്നത് മാത്രമാണ് എസ്പിക്ക് ആശ്വാസത്തിനുള്ള വക നല്‍കുന്നത്.













