ജഗ്ദല്‍പൂര്‍: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ചു കുട്ടികളുടെ കൂട്ട മരണങ്ങള്‍ക്ക് പിന്നാലെ ഛത്തീസ്ഘഡില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം ബാധിച്ചു . ജഗ്ദല്‍പൂര്‍ ജില്ലയില്‍ ജ്വരം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മൂന്നും നാലും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് മസ്തിഷ്ക ജ്വര ഭീഷണിയുള്ളത് .അതെ സമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ജപ്പാന്‍ജ്വരത്തിന്റെയും ലക്ഷണങ്ങള്‍ കാണാനുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മസ്തിഷ്കജ്വരം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 138 ആയി. കേന്ദ്ര സര്‍ക്കാര്‍ ബീഹാറില്‍ അടിയന്തരമായി ഇടപെടണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ ലോക്സഭയിലും വിഷയം ചര്‍ച്ചയായി.മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള് ആശുപത്രി എന്നിവിടങ്ങളിലായി 7കുട്ടികള്‍ കൂടി ഇന്ന് മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.













