ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കി. അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന തമിഴ്‌നാട്ടില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കോയമ്ബത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം.
ഐഎസുമായി ബന്ധമുള്ള സംഘടനയായ അബു അല്‍കിതാലിലെ അംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. അംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ നിന്നാണ് ആക്രമണം സംബന്ധിച്ച സൂചന ലഭിച്ചത്. എന്നാല്‍, ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടില്‍ പരിശോധന നടത്തിവരികയാണ്.














