ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം; കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സ്ഥലംമാറ്റം തടയാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്. കേസിന്‍റെ കാലാവധി തീരുംവരെ കുറവിലങ്ങാട്ട് തുടരാന്‍ അനുവദിക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

തങ്ങളെ സ്ഥലംമാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദര്‍ സുപ്പീരിയര്‍ എന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് പ്രതികാര നടപടിയുണ്ടായത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റുകയായിരുന്നു.

സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിന്‍,ആല്‍ഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാര നടപടി. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

സമരനേതാവ് സിസ്റ്റര്‍ അനുപമയെ പ‌ഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *