ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുന്നത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു


കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍ പ്രസാദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.


സിപിഐയിലെ രണ്ട് അംഗങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബിജെപിയിലെ ഒരംഗം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. സിപിഐ യിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ഏഴ് പേരുടെ പിന്തുണ മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചുള്ളു. സ്വതന്ത്രനായി വിജയിച്ച ഐവര്‍കാല ദിലീപ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.


കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി രവീന്ദ്രന്‍ രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്വതന്ത്ര അംഗം ഐവര്‍കാല ദിലീപിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനാണ് സിപിഎംകാരനായ രവീന്ദ്രന്‍ രാജിവച്ചത്. മുന്‍പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ദിലീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഇത്തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഐവര്‍കാല ദിലീപിന്റെയും മറ്റൊരു സ്വതന്ത്ര അംഗം രഞ്ജിനിയുടെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് പഞ്ചായത്തില്‍ ഭരണം പിടിച്ചത്.



Sharing is Caring