ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയായി


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായതായി ബിജെപി. 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന ബിജെപിയുടെ സമ്പൂര്‍ണ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമായത്. ബിജെപിയുടെ മുന്‍നിര നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാവും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ മൂന്ന് ദിവസത്തിനകം തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ 16ന് ദില്ലിക്ക് പോകും. 17ന് പാര്‍ലമെന്ററി ബോര്‍ഡ് ദില്ലിയില്‍ ചേര്‍ന്ന് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. മൂന്ന് ഘട്ടമായാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍കാവിലും, ഒ രാജഗോപാല്‍ നേമത്തും മത്സരിക്കും. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഇക്കുറിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. കുന്ദമംഗലത്ത് സികെ പത്മനാഭനും, പാലക്കാട് ശോഭാ സുരേന്ദ്രനും ബിജെപി സ്ഥാനാര്‍ത്ഥികളാകും. ആറന്മുള പിടിക്കാന്‍ എംടി രമേശിനെയാണ് ബിജെപി രംഗത്തിറക്കുന്നത്. ചെങ്ങന്നൂരില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും, മണലൂരില്‍ എഎന്‍ രാധാകൃഷ്ണനും ബിജെപിക്കായി പോരാട്ടത്തിനിറങ്ങും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യനാണ് പുതുപള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അങ്കത്തിനിറങ്ങുക. എറണാകുളത്ത് എന്‍കെ മോഹന്‍ദാസും, ദേവികുളത്ത് എന്‍ ചന്ദ്രനും, മാവേലിക്കര പിഎന്‍ വേലായുധനും പുതുക്കാട് എന്‍ രാഗേഷുമാകും സ്ഥാനാര്‍ത്ഥികളാകുന്നത്.




Sharing is Caring