ഫെ​ഡ​റ​ര്‍​,​ ഹാ​ല​പ്പ്,​ വീ​ന​സ് മൂ​ന്നാം​ റൗ​ണ്ടി​ല്‍​


വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, ആറാം സീഡ് മിലോസ് റാവോനിക്ക് തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി.


സ്വിസ് ഇതിഹാസം ഫെഡറര്‍ യോഗ്യതാ റൗണ്ട് കടന്നെത്തിയ ബ്രിട്ടന്റെ മാര്‍ക്കസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-0, 6-3, 6-4. ആറാം സീഡ് കാനഡയുടെ റാവോനിക്ക് ഇറ്റാലിയന്‍ താരം ആന്ദ്രെ സിപ്പിയെ 7-6 (7-5), 6-4, 6-2 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി മൂന്നാം റൗണ്ടിലെത്തി. അമേരിക്കയുടെ ജാക്ക് സോക്കാണ് മൂന്നാം റൗണ്ടില്‍ റാവോനിക്കിന്റെ എതിരാളി. ഡച്ച്താരം റോബിന്‍ ഹാസെയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സോക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.


ഉക്രെയിന്‍ താരം അലക്‌സാണ്ടര്‍ ഡൊല്‍ഗൊപൊലോവിനെ അട്ടിമറിച്ച് ബ്രിട്ടീഷ് താരം ഡാനിയേല്‍ ഇവാന്‍സും മൂന്നാം റൗണ്ടില്‍. ഫെഡററാണ് അടുത്ത റൗണ്ടില്‍ ഇവാന്‍സിന്റെ എതിരാളി. പതിനൊന്നാം സീഡ് ബല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനും അമേരിക്കയുടെ സ്റ്റീഫ് ജോണ്‍സണും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്പാനിഷ് താരം ബാറ്റിസ്റ്റ അഗസ്‌റ്റോ എതിരാളി പിന്‍മാറിയതിനെ തുടര്‍ന്ന് വാക്കോവറിലൂടെ മൂന്നാം റൗണ്ടിലെത്തി. അതേസമയം സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ അട്ടിമറിക്കപ്പെട്ടു. ഫ്രഞ്ച് താരം നിക്കോളാസ് ഹമുട്ടാണ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്.

വനിതാ വിഭാഗത്തില്‍ അഞ്ചാം സീഡ് സിമോണ ഹാലപ്പ്, എട്ടാം സീഡ് വീനസ് വില്യംസ്, സബീന ലിസിക്കി തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി. 14-ാം സീഡ് സാമന്ത സ്‌റ്റോസറെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചാണ് സിമോണ മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-4, 6-2. സാറാ ഇറാനിയെ അട്ടിമറിച്ച് ഫ്രഞ്ച് താരം അലീസ കോര്‍നെറ്റും ചൈനയുടെ ഷ്യൂന്‍ പെങിനെ കീഴടക്കി അമേരിക്കയുടെ സ്‌റ്റെഫാനി സ്റ്റീഫന്‍സും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.



Sharing is Caring