ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ

ഫിഷറീസ് മേഖലയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പൂത്തോട്ട കെപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം നിര്‍മ്മാല്യം ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫിഷറീസ് മേഖലയില്‍ കേന്ദ്രം ആകെ ചെലവാക്കുന്നത് 388 കോടി രൂപയാണ്. ഇതില്‍ 200 കോടി രൂപ നല്‍കുന്നത് തമിഴ്നാടിനാണ്. 16 കോടി രൂപ മാത്രമാണ് കേരളത്തിന് നല്‍കുന്നത.് ഫിഷറിസ് രംഗത്ത് അങ്ങേയറ്റം വിവേചനപരമായാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നത്. കേരളത്തോടുള്ള ഈ അവഗണനയ്ക്കെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ ശക്തമായ നിലപാട് എടുക്കണമെന്നും മന്ത്രി പറഞ്ഞു.

തീരദേശ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പശ്ചാത്തല വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇതര ജനവിഭാഗങ്ങളെക്കാള്‍ തീരദേശമേഖലയില്‍ താരതമ്യേന സൗകര്യങ്ങള്‍ കുറവാണ്. തീരദേശ മേഖലയിലുള്ളവരെ പൊതുധാരയിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ഈ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ഫിഷറീസ് വിഭാഗം ആവിഷ്‌കരിച്ച പദ്ധതികള്‍ പലതും ഫലം കണ്ടിട്ടുണ്ട്. 80 ശതമാനത്തിലധികം മാര്‍ക്കുള്ള തീരദേശ മേഖലയിലെ 40 കുട്ടികള്‍ക്ക് കഴിഞ്ഞവര്‍ഷം എന്‍ട്രന്‍സ് പരിശീലനം നല്‍കുകയും ഇതില്‍ 14 കുട്ടികള്‍ക്ക് മെറിറ്റില്‍ മെഡിസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. ബാങ്കിംഗ,് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കാനും ഫിഷറീസ് വകുപ്പിന് പദ്ധതിയുണ്ട്. ബോര്‍ഡിങ് സൗകര്യം ഉപയോഗിച്ചു പഠിക്കുന്നവര്‍ക്ക് മാത്രമല്ല വീട്ടില്‍ നിന്ന് പോയി വരുന്നവര്‍ക്കും ഫിഷറീസ് സ്‌കൂളുകളില്‍ അടുത്തവര്‍ഷം മുതല്‍ പ്രവേശനം നല്‍കും.

ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരത്ത് വിഴിഞ്ഞം പൂവാര്‍ ഫിഷറീസ് സ്‌കൂളില്‍ നാപ്കിന്‍ വെന്റിങ് മെഷീന്‍ സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ കൂടുതലുള്ള തീരദേശങ്ങളിലെ സ്‌കൂളുകളില്‍ വരും വര്‍ഷങ്ങളില്‍ നാപ്കിന്‍ വെന്റിങ് മെഷീന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യതൊഴിലാളി ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍ നല്‍കുന്നതുവഴി യാത്രാ സൗകര്യം ഒരുക്കുന്നതിനു പുറമെ ആരോഗ്യകരമായ ദിനചര്യയ്ക്കു കൂടി സൗകര്യമൊരുക്കുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ട,് ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിളുകള്‍ സൗജന്യമായി നല്‍കുന്നത്. വരും വര്‍ഷത്തില്‍ മറ്റു തീരദേശ ജില്ലകളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

എറണാകുളം ജില്ലയിലെ തീരപ്രദേശത്തുള്ള 65 സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുത്ത 500 വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്തത്. എം സ്വരാജ് എംഎല്‍എ അധ്യക്ഷനായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *