മുംബൈ ബാന്ദ്രയിലെ ചേരിയില്‍ വന്‍ തീപിടുത്തം


മുംബൈ ബാന്ദ്രയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ലോക്കല്‍ സ്റ്റേഷനു സമീപത്ത് ബേഹ്‌റംപാട ചേരിപ്രദേശത്താണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് ജലവിതരണത്തിനു പൈപ്പിടുന്നതിനു മുന്നോടിയായി ചേരിയിലെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റുന്നുണ്ടായിരുന്നു. അതിനിടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണു തീപിടുത്തമുണ്ടായത്.


ചേരിയിലുണ്ടായ തീപിടുത്തം റെയില്‍വേ സ്റ്റേഷനിലേക്കും വ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ ഒട്ടേറെ വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെ കാല്‍നടപ്പാലത്തിന്റെ ഒരു ഭാഗവും ബുക്കിങ് ഓഫിസുകളിലൊന്നും തീപിടിത്തത്തില്‍ നശിച്ചു. സ്റ്റേഷന്റെ കിഴക്കു ഭാഗത്തുള്ള ബുക്കിങ് ഓഫിസിനാണു തീപിടുച്ചത്. തീപിടുത്തത്തില്‍ ഒരു അഗ്‌നിശമനസേനാ പ്രവര്‍ത്തകനു പരുക്കേറ്റിട്ടുണ്ട്. അതേസമയം തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. പതിനാറ് അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.




Sharing is Caring