ഫിറോസ് കുന്നംപറമ്ബിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

പാലക്കാട്: ഓണ്‍ലൈനിലൂടെ പണം സമാഹരിച്ച്‌ ചാരിറ്റി പ്രവര്‍ത്തികള്‍ ചെയ്യുന്ന ഫിറോസ് കുന്നംപറമ്ബിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ആലത്തൂര്‍ പോലീസാണ് കേസെടുത്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിര്‍ദേശത്തോടെ പരാതി ആലത്തൂര്‍ പോലീസിന് നല്‍കുകയായിരുന്നു. ഫിറോസിന്റെ പ്രവര്‍ത്തനങ്ങളേയും രാഷ്ട്രീയ ചായ്‌വിനേയും വിമര്‍ശിച്ച്‌ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ യുവതിയെ അപമാനിച്ച സംഭവത്തിലാണ് ഈ നടപടികള്‍. അന്വേഷണം ആരംഭിച്ചതായി സിഐ ബോബിന്‍ മാത്യുവും എസ്‌ഐ എംആര്‍ അരുണ്‍കുമാറും അറിയിച്ചു.

നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്ബിലിനെതിരെ കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ വൈസ്പ്രസിഡന്റ് ജസ്‌ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും ഉള്‍പ്പടെ വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്‌ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച്‌ അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്‌ല പറഞ്ഞിരുന്നു. സംഭവത്തില്‍ ഫിറോസ് കുന്നംപറമ്ബില്‍ മാപ്പും പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *