ബി.ജെ.പി.അധ്യക്ഷസ്ഥാനത്തേക്ക്‌ നടനും എം.പി.യുമായ സുരേഷ്‌ ഗോപിയും പരിഗണനയില്‍

തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്‌ നടനും എം.പി.യുമായ സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍, താത്പര്യമില്ലെന്ന് അമിത് ഷായെ സുരേഷ് ഗോപി അറിയിച്ചെന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ്‌ ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്നറിയിച്ച്‌ പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരില്‍ മത്സരിക്കേണ്ടിവന്നു. പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായതോടെ ഒഴിവുവന്ന അധ്യക്ഷസ്ഥാനത്തേക്ക്‌ ഒട്ടേറെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.

സുരേഷ് േഗാപിക്കു പുറമേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരാണ് ഒടുവിലത്തെ സാധ്യതാപ്പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആര്‍.എസ്.എസിന്റെ താത്പര്യംകൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ.

ആര്‍.എസ്.എസില്‍ രണ്ടുവിഭാഗങ്ങള്‍ കെ. സുരേന്ദ്രനും എം.ടി. രമേശിനുമായി രംഗത്തുണ്ട്. അടുത്തയാഴ്ച കൊച്ചിയില്‍ ആര്‍.എസ്.എസ്. നേതൃത്വവും ബി.ജെ.പി. ദേശീയ നേതാക്കളും തമ്മില്‍ ചര്‍ച്ചനടക്കുന്നുണ്ട്. കുമ്മനത്തിന് സംസ്ഥാന അധ്യക്ഷപദവിയോ ദേശീയനേതൃത്വത്തില്‍ മുന്തിയ സ്ഥാനമോ നല്‍കണമെന്ന അഭിപ്രായമാണ് ആര്‍.എസ്.എസിനുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *