പ്രവാസി ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി; വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കിയശേഷം വീട്ടില്‍ പോകാം

തിരുവനന്തപുരം: വിദേശത്തു നിന്നു വരുന്നവര്‍ക്കു വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള മാര്‍ഗരേഖ പുതുക്കി. ഇതനുസരിച്ച്‌ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കിയശേഷം ഇനി വീട്ടിലേക്കു പോകാം. ഇത്തരത്തില്‍ വീടുകളിലേക്ക് പോകുന്നവര്‍ യഥാസമയം വീട്ടില്‍ എത്തിയെന്നു പോലീസ് ഉറപ്പാക്കുകയും വേണം. അതേ സമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍, കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെയാണ് ഹോം ക്വാറന്റൈനുള്ള സത്യവാങ്മൂലം നല്‍കേണ്ടത്.

വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളാണ് ഉറപ്പാക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ വീടുകള്‍ അപര്യാപ്തമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേക്കു ഇവരെ മാറ്റുകയും വേണം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു നേരിട്ടു സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്വാറെൈന്റന്‍ ലംഘിച്ചാല്‍ കേസെടുക്കാനും ഉത്തരവുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സ്ഥലം സ്വന്തമായി തിരഞ്ഞെടുക്കാം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ആകാവുന്നതാണ്. സത്യവാങ്മൂലം സംബന്ധിച്ചു ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം വിശദ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റൈന്‍ ഉറപ്പാക്കും. അല്ലാത്തപക്ഷം, സര്‍ക്കാര്‍ ക്വാറന്റൈനിലേക്കു മാറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *