ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മേയര്‍ സ്ഥാനം ലീഗിന്

കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ്. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും.

നാലര വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലീഗിലെ സി.സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയര്‍. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ സമീറിന് സ്ഥാനം നഷ്ടമായി. പി.കെ രാഗേഷ് ഡപ്യൂട്ടി മേയറായി. രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫ് രാഗേഷിനെ പുറത്താക്കി. ലീഗ് അംഗത്തെ കൂറ് മാറ്റിയായിരുന്നു എല്‍.ഡി.എഫിന്‍റെ രാഷ്ട്രീയ നീക്കം. രാഗേഷിന്‍റെ തിരിച്ചുവരവോടെ യു.ഡി.എഫിന് ലഭിച്ച മേയര്‍ സ്ഥാനം ആറ് മാസം വീതം കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനായിരുന്നു ധാരണ. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗം കൂറ് മാറിയത് ലീഗിന് തിരിച്ചടിയായി. അതോടെ മേയര്‍ സ്ഥാനം കൈമാറുന്നതും അനിശ്ചിതത്വത്തിലായി.

ഇതിനിടെയാണ് ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വരുന്നത്. പി.കെ രാഗേഷിനെ തന്നെയാണ് കോണ്‍ഗ്രസ് ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. രാഗേഷ് ജയിച്ചാല്‍ മേയര്‍ സ്ഥാനം രാജിവെക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. കൂറ് മാറിയ അംഗത്തെ സ്വന്തം പാളയത്തിലേക്ക് തിരിച്ച് എത്തിച്ച് രാഗേഷിന് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാനുളള പെടാപ്പാടിലാണ് ലീഗ്. ഇത് വിജയിച്ചാല്‍ അടുത്ത നാല് മാസം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും ലീഗിന് ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *