പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു


മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.


കോഴ ആരോപണത്തില്‍ പെട്ട ബി.ജെ.പിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ സി.പി.എം രക്ഷിച്ചടുക്കുകയാണെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു.


നേരത്തെ, ബി.ജെ.പിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് തടയുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു സി.പി.എമ്മിനുവേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാരാണ് ക്രമസമാധാന നില തകര്‍ത്തതെന്ന് ബി.ജെ.പിയുടെ ഒ.രാജഗോപാലും ആരോപിച്ചു. അതിനു ശേഷം രാജഗാപാലും കോണ്‍ഗ്രസ് എമ്മും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ത്തന്നെ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്. മെഡിക്കല്‍ കോഴ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം വേണമെങ്കില്‍ കേന്ദ്ര അന്വേഷണത്തിലേക്ക് പോകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.



Sharing is Caring