പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന് ബുധനാഴ്ച്ച അറിയാം; ചെന്നിത്തല പിന്മാറുമെന്ന് സൂചന

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയമേറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറിനിന്നേക്കും. ബുധനാഴ്ച്ച നടക്കുന്ന ഹൈക്കമാൻഡ് യോ​ഗത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ച കൃത്യമായ തീരുമാനമെടുത്തേക്കും. പ്രതിപക്ഷത്തെ ആര് നയിക്കുമെന്നത് സംബന്ധിച്ച സത്യപ്രതിജ്ഞയ്ക്ക് മുൻപ് ധാരണയുണ്ടാക്കാനാണ് ഹൈക്കമാൻഡ് നീക്കം. നിലവിലെ സാഹചര്യത്തിൽ വി.ഡി സതീശനാണ് ഏറ്റവും സാധ്യതയുള്ള നേതാവ്.

മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം തുടങ്ങിയ മുതിർന്ന നേതാക്കൾ ഘടക കക്ഷികളുമായി ഇക്കാര്യം സംസാരിക്കും. എം.എൽ.എമാരുടെ മനസറിയാതെ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് ​ഹൈക്കമാൻഡ് തീരുമാനം. ​എ, ഐ ​ഗ്രൂപ്പുകളുടെ തീരുമാനങ്ങൾ പരി​ഗണിക്കുമോയെന്നത് സംബന്ധിച്ച വ്യക്തതയില്ല. നിലവിൽ 25 അംഗ പാർലമെന്ററി പാർട്ടിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കം. എന്നാൽ ​ഗ്രൂപ്പ് സമ്മർദ്ദങ്ങൾ മാറ്റിവെച്ച് ശക്തമായ പ്രതിപക്ഷത്തെ രം​ഗത്തിറക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അടുത്ത ടേമിൽ ഭരണം തിരികെ പിടിച്ചില്ലെങ്കിൽ പാർട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ​ഗ്രൂപ്പ് തർക്കങ്ങൾ തൽക്കാലം മാറ്റിവെക്കാനാവും നേതാക്കൾ തീരുമാനിക്കുക.

പാർട്ടി നേതൃത്വത്തിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഹൈക്കമാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മുസ്ലിം ​ലീ​ഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ അഭിപ്രായം ഈ ഘട്ടത്തിൽ ആരായും. ചെന്നിത്തല മാറിയാൽ തിരുവഞ്ചൂർ രാധാകൃഷ്ണനും വി.ഡി സതീഷനും തുല്യ സാധ്യത കൈവരും. ചെന്നിത്തലയെ വീണ്ടും പ്രതിപക്ഷ നേതാവാക്കാൻ ഇത്തവണ എ ​ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ തിരുവഞ്ചൂരിനായിരിക്കും സാധ്യത. പുതിയ തലമുറ പാർട്ടിയെ നയിക്കട്ടെയെന്ന് അഭിപ്രായപ്പെടുന്നവരും ചുരുക്കമല്ല. ​

ഐ ​ഗ്രൂപ്പുകാരനായ സതീശന് വേണ്ടി സമ്മർദ്ദങ്ങളുണ്ടാകും. ​ഗ്രൂപ്പ് സമവായങ്ങളുണ്ടായാൽ സതീശൻ തന്നെയാവും പിണറായി വിജയനെ നിയമസഭയിൽ നേരിടുക. ജനപിന്തുണയും പരിചയ സമ്പത്തും സതീശന് അനൂകൂല ഘടകങ്ങളാണ്. നേരത്തെയും മുതിർന്ന നേതാക്കളിൽ ചിലർ സതീശൻ്റെ പേര് നിർദേശിച്ചിരുന്നു. ഐ ​ഗ്രൂപ്പിന് പാർട്ടിയിലുള്ള നേരിയ മുൻതൂക്കവും സതീശന്റെ സാധ്യത വർധിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *