പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് ദീപ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ച് സഹോദരപുത്രി ദീപ ജയകുമാര്‍. പോയസ് ഗാര്‍ഡനു മുന്നില്‍ വാഹനം നിര്‍ത്തി അകത്തേക്ക് കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് ദീപ വസതിക്കു മുന്നില്‍ ധര്‍ണ നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണ് പോയസ് ഗാര്‍ഡനിലെത്തുന്നത്. പോയസ് ഗാര്‍ഡനിലേക്ക് തന്നെ ക്ഷണിച്ചിട്ടാണ് വന്നതെന്നും നിയമപരമായി വേദനിലയത്തിന്റെ അവകാശിയായ തന്നെയും സഹോദരന്‍ ദീപക്കിനെയും തടയാന്‍ എന്തവകാശമാണ് ശശികലയ്ക്കും അനുയായികള്‍ക്കുമുള്ളതെന്നും ദീപ ജയകുമാര്‍ ചോദിച്ചു. അധികാരം പിടിച്ചെടുക്കാന്‍ ജയലളിതയെ അപായപ്പെടുത്തിയത് ശശികലയും കൂട്ടരുമാണെന്നും ഇവരില്‍ നിന്നും തമിഴ്‌നാടിനെ രക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും ദീപ ജയകുമാര്‍ പറഞ്ഞു.
ഒന്നരമണിക്കൂറായി പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കിയി്ട്ടുണ്ട്. ജയലളിതയുടെ ഔദ്യേഗിക വസതിയായ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. ജയലളിത മരിച്ചതോടു കൂടി വേദനിലയത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് ദീപ ജയകുമാറും സഹോദരന്‍ ദീപക്കും രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *