പൊലിസില്‍ ക്രിമിനലുകള്‍ കൂടുന്നു- വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍

തിരുവനന്തപുരം: പൊലിസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു ശേഷം ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലിസ് മേധാവി സ്ഥാനത്തു നിന്ന് ഇന്ന് വിരമിക്കുകയാണ് അദ്ദേഹം. സേനാംഗങ്ങള്‍ അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കി. ലോക്‌നാഥ് ബെഹ്‌റ പുതിയ ഡി.ജി.പിയാകും.

സംസ്ഥാന പൊലിസ് മേധാവിയായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നു സെന്‍കുമാര്‍പറഞ്ഞു. മുഖ്യമന്ത്രിയുമായി ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. മറ്റേതൊരു മുഖ്യമന്ത്രിയെയും പോലെ അദ്ദേഹം പൂര്‍ണപ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി.

സര്‍ക്കാരുമായിട്ടില്ല പ്രശ്‌നം, ഇവിടെ ഉള്ളില്‍ നിന്നു തന്നെ ചില തോന്ന്യാസങ്ങള്‍ ഉണ്ടായി. ക്രിമിനല്‍ പശ്ചാത്തലമുള്ളചിലര്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യം നിയമം പാലിക്കേണ്ടത് പൊലിസുകാരാണ്. എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാവൂ. പൊലിസ് പറയുന്നത് മാത്രമാണ് ശരി എന്നു വെക്കരുത്. ഓരോരുത്തര്‍ക്കും അവരുടേതായ ശരികളുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളോടും കുട്ടികളോടും എപ്പോഴും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും അദ്ദേഹം സഹകാരികളെ ഉപദേശിച്ചു.

ജീവിതത്തില്‍ ഇന്നേവരെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ ഇന്നു മുതല്‍ സ്വതന്ത്രനാവുകയാണ്. പൊലിസിലെ ക്രിമിനലുകളെ ഇല്ലാതാക്കാനാണ് ഇനി പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

വിരലിലെണ്ണവുന്നവരൊഴിച്ച എല്ലാവരും തന്നോട് സ്‌നേഹമുളളവരാണ്. മാധ്യമ പ്രവര്‍ത്തകര്‍ എന്റെ നന്മകളെ എടുത്തു കാണിച്ചവരാണ്. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *