ജിഎസ്‌ടി ഇന്ന് അർധരാത്രി മുതല്‍

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത നികുതിഘടന സാധ്യമാക്കുന്ന ജിഎസ്ടി സംവിധാനം ഇന്ന് അര്‍ധരാത്രി നിലവില്‍വരും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാത്രി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയിലേക്ക് രാജ്യം നീങ്ങിയതായി പ്രഖ്യാപിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അര്‍ധരാത്രിസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷപാര്‍ടികള്‍ പറഞ്ഞു. സമ്മേളനം ബഹിഷ്കരിക്കാന്‍ പാര്‍ടി തീരുമാനമില്ലെന്നും എന്നാല്‍, പങ്കെടുക്കണമെന്ന് അറിയിച്ച് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടില്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പശ്ചാത്തലസൌകര്യം ഒരുക്കാതെ തിരക്കിട്ടാണ് ജിഎസ്ടിയിലേക്ക് നീങ്ങുന്നതെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൌഡ, മന്‍മോഹന്‍സിങ് എന്നിവര്‍ ജിഎസ്ടി പ്രഖ്യാപനച്ചടങ്ങിന്റെ വേദിയിലുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്. കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്ന സാഹചര്യത്തില്‍ മന്‍മോഹന്‍സിങ് ചടങ്ങിനുണ്ടാകില്ല. ജെഡിഎസ് പ്രതിപക്ഷകൂട്ടായ്മയുടെ ഭാഗമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ദേവഗൌഡ എത്തുമോയെന്നും വ്യക്തമല്ല. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ജിഎസ്ടി പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുന്നതിനെതിരായി പല കോണുകളിലും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മാത്രമാകും രാത്രി 11ന് സെന്‍ട്രല്‍ ഹാളില്‍ ആരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *