പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണ് വ്യാജ വാര്‍ത്തകള്‍: പ്രകാശ് ജാവ്ദേക്കര്‍

വ്യാജവാർത്തകൾ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. വ്യാജ വാർത്തകള്‍ ഒഴിവാക്കാന്‍ ഡിജിറ്റൽ ഉള്ളടക്കങ്ങളില്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഐഎഎംഎഐയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാജ വാർത്തകൾക്ക് സമാധാന അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. സോഷ്യൽ മീഡിയ വഴി കൃത്രിമമായി നിര്‍മിക്കപ്പെടുന്ന പൊതുബോധം പൊതുജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. വ്യാജ വാർത്താ ഭീഷണി ലോകരാജ്യങ്ങള്‍ നേരിടുന്നുണ്ട്. ഇത് തടയാൻ പല രാജ്യങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

വ്യാജ വാര്‍ത്താ ഭീഷണിയുടെ ആഘാതം രാഷ്ട്രീയ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. സ്വയം നിയന്ത്രിക്കാനായില്ലെങ്കില്‍ ആഘാതം എല്ലാവരും അനുഭവിക്കേണ്ടിവരും. അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതൽ ശക്തി ഇപ്പോൾ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുണ്ട്. ആളുകള്‍ വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണുന്നത് അതേപടി വിശ്വസിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പത്രങ്ങളും ചാനലുകളും പരിശോധിച്ച് വ്യക്തത വരുത്തുമായിരുന്നു. ഇപ്പോള്‍ ട്വീറ്റുകളും മറ്റും അപ്പപ്പോള്‍ പരിശോധിച്ചില്ലെങ്കില്‍ ഞൊടിയിട കൊണ്ട് അപകടമുണ്ടാകുമെന്ന അവസ്ഥയാണ്. പ്രത്യേക ഫാക്ട് ചെക്ക് ടീമിനെ രൂപീകരിച്ച് ഡിജിറ്റൽ ഉള്ളടക്കങ്ങളിലെ വ്യാജ വാര്‍ത്തകള്‍ തടയാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾ സർക്കാർ ശ്രദ്ധിക്കുന്നതിനാലാണ് 2019 ഒക്ടോബറിൽ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് തുടങ്ങിയത്. എല്ലാ സംസ്ഥാനങ്ങളിലും പിഐബി ഫാക്ട് ചെക്ക് യൂണിറ്റുകളുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *