പുതിയ രൂപത്തില്‍ ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ തിരിച്ചു വരുന്നു.
പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ആയിരം രൂപ നോട്ടുകള്‍ ഈ വര്‍ഷം ഡിസംബറോടെ വിതരണം ചെയ്യാനുള്ള നടപടികള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നതായാണ് ദേശീയമാധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ നോട്ടിന്റെ രൂപകല്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാസംവിധാനങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016-ല്‍ നോട്ട് നിരോധനത്തിന് മുന്‍പേ തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ ആരംഭിച്ചിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടായിരത്തിന് പകരം 200 രൂപ, 50 രൂപ നോട്ടുകളാണ് ആര്‍ബിഐയ്ക്ക് കീഴിലുള്ള അച്ചടിശാലകളില്‍ അച്ചടിച്ചു കൊണ്ടിരിക്കുന്നത്.
അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയില്‍ നോട്ടുകള്‍ ഇല്ലാത്തത് സാധാരണക്കാരെ വല്ലാത്തെ ബുദ്ധിമുട്ടിക്കുന്നതായി നോട്ട് നിരോധനം തൊട്ടേ പരാതിയുണ്ടായിരുന്നു. രണ്ടായിരത്തിന് പകരം ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
1,2,5,10,20,50,100,500,1000 രൂപ നോട്ടുകളായിരുന്നു 2016 നവംബര്‍ എട്ട് വരെ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. ഇതില്‍ 500 രൂപ,1000 രൂപ നോട്ടുകള്‍ കഴിഞ്ഞ നവംബറില്‍ മോദിസര്‍ക്കാര്‍ നിരോധിച്ചു.
പകരം പുതിയ 2000 രൂപ, 500 രൂപ നോട്ടുകള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആഗസ്റ്റ് 25-ന് 200 രൂപ നോട്ട് പുറത്തിറക്കിയ ആര്‍ബിഐ അതേദിവസം തന്നെ പുതിയ അന്‍പത് രൂപ നോട്ടും വിപണിയിലെത്തിച്ചു. ഇതിന് പിറകേയാണ് ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചത്.
ആര്‍ബിഐക്ക് കീഴിലുള്ള മൈസൂരിലേയും പശ്ചിമബംഗാളിലെ സല്‍ബോനിയിലേയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *