പി ശശിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി: ജെബി മേത്തര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിനെതിരെ വിമര്‍ശനവുമായി സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എംപിയുമായ ജെബി മേത്തര്‍. പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്. നിയമനം റദ്ദാക്കണമെന്നും എംപി പറഞ്ഞു.

പീഡന പരാതിയെ തുടര്‍ന്നാണ് പി ശശി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ വിശുദ്ധനായോ എന്ന് പിണറായി വിജയന്‍ പറയണം. കളങ്കിതരായവരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി. അതേ സമയം പി ശശിയുടെ നിയമനത്തെ സിപിഎം നേതാവ് പി ജയരാജനും എതിര്‍ത്തിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നു. നേരത്തെ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നിയമനത്തില്‍ ഒരു വിവാദവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും മറ്റുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണ്. പി ശശി സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഒരാള്‍ക്കെതിരെ ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കി നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല. തെറ്റ് പറ്റാത്തവര്‍ ആരുമില്ല. അത് മനുഷ്യസഹജമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നു ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ ചുമതല സംസ്ഥാന സമിതി അംഗീകരിച്ചത്. നേരത്തെ ഇദ്ദേഹം ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശി ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനെ തുടര്‍ന്ന് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയില്‍ എത്തിക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കേസില്‍ 2016ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *