രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 12,340 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കേരളത്തില്‍ നിന്ന് ചേര്‍ത്ത് 32 ബാക്ക്ലോഗ് മരണങ്ങള്‍ ഉള്‍പ്പടെ 40 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്. 1,547 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 186.90 കോടി ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, മിസോറാം എന്നീ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഡല്‍ഹിയില്‍ 632 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 11 നും 18 നും ഇടയില്‍ പോസിറ്റിവിറ്റി നിരക്കില്‍ ഏകദേശം മൂന്നിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 11 ന് പോസിറ്റീവ് നിരക്ക് 2.70 ശതമാനമായിരുന്നു. ഇത് ഏപ്രില്‍ 15 ന് 3.95 ശതമാനമായും, 16 ന് 5.33 ശതമാനമായും, 18 ന് 7.72 ശതമാനമായും ഉയര്‍ന്നു. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റേയും, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റേയും നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.

അതേസമയം രാജ്യത്ത് കോവിഡ് നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കിയത്. നിലവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്റെ ഫലമായാണ് ഡല്‍ഹി, യുപി എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നത്. ഇത് ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് മാറിപ്പോള്‍ ഉണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്കിടയില്‍ കൊറോണ വൈറസിനെതിരായ സ്വാഭാവിക പ്രതിരോധശേഷി 90% ത്തിന് മുകളിലാണ്. ഇത് പുതിയ വകഭേദങ്ങള്‍ക്ക് വളരാനും വ്യാപിക്കാനും ഇടം നല്‍കില്ലെന്നും മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *