പാഠ്യവിഷയങ്ങളില്‍ ഗാന്ധിജിക്ക് ഇന്നും അയിത്തം: ഡോ. കെ. എസ് രാധാകൃഷ്ണന്‍

ഇന്ത്യയിലെയും കേരളത്തിലെയും പല സര്‍വകലാശാലകളും ഗാന്ധിജിയെ മറന്നുവെന്ന് മുന്‍ പി എസ് സി ചെയര്‍മാന്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലകളില്‍ പോലും ഗാന്ധിയന്‍ ചിന്തകള്‍ പഠിപ്പിക്കുന്നില്ല. അക്കാദമിക് രംഗത്ത് ഗാന്ധിക്ക് ഇന്നും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

1925 ല്‍ എറണാകുളത്ത് ഗാന്ധിജി വന്നിറങ്ങിയ ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമിതി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. എസ് രാധാകൃഷ്ണന്‍. നെഹ്‌റു പോലും ഗാന്ധിജിയെ പൂര്‍ണമായി മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഗാന്ധിയന്‍ ചിന്തകളും ഗാന്ധിയന്‍ ആശയങ്ങളും പഠനവിഷയമാണ്.

കേരളത്തിലെ എം ജി സര്‍വകലാശാലയില്‍ ഗാന്ധി ഒഴികെയുള്ള എന്ത് വിഷയം പഠിച്ച ആള്‍ക്കും സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസില്‍ പ്രധാന തസ്തികകളില്‍ ഇരിക്കാം. ഗാന്ധിയന്‍ പഠന വിഭാഗം ആരംഭിക്കാന്‍ ഒരു സര്‍വകലാശാലയും മുന്നോട്ട് വന്നിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നിട്ടും ഗാന്ധിജി പുസ്തകം എഴുതിയിരുന്നത് മാതൃഭാഷയിലാണെന്നത് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍, സമസ്ത കേരള സാഹിത്യ പരിഷത് സെക്രട്ടറി ഡോ. ടി. എം വിശ്വംഭരന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ വികസന സമിതി കണ്‍വീനര്‍ കെ. പി ഹരിഹര കുമാര്‍, ഇ. എന്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ. എം ചന്ദ്രശേഖരന്‍ സ്വാഗതവും ദേവകുമാര്‍ നന്ദിയും പറഞ്ഞു.

ഇരുപത്തി രണ്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ രണ്ടു മുതല്‍ 11 വരെ ശിവക്ഷേത്ര മൈതാനിയില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *