മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞിട്ടില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയ്ക്കുള്ള അനുമതി ഒരുമിച്ചാണ് തേടിയത്. മുഖ്യമന്ത്രിയുടേത് അംഗീകരിക്കുകയും കേന്ദ്രം അനുമതി നല്‍കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തെ തന്നെ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പോസിറ്റീവായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. ഗുജറാത്ത് നേരിട്ട ദുരന്തത്തിന്റെ അനുഭവം അദ്ദേഹം തന്നോട് പങ്കുവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയും മന്ത്രിമാരുടേത് വിദേശകാര്യ മന്ത്രാലയവുമാണ്. മുഖ്യമന്ത്രിയുടേത് ആദ്യം അംഗീകരിച്ചു. തുടര്‍ന്ന് മറ്റ് മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കുമെന്നാണ് കരുതിയത്. അനുമതി നല്‍കില്ലെന്ന് കേന്ദ്രം ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.


മന്ത്രിമാര്‍ക്ക് അന്യരാജ്യങ്ങളില്‍ പോയി സഹായം സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് എന്ത് പറ്റിയെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



Sharing is Caring