ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം പുരോഗമിക്കുന്നു; നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തന്ത്രികുടുംബവും പന്തളം രാജകുടുംബവും

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗം പുരോഗമിക്കുന്നു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ തന്ത്രികുടുംബം, പന്തളം രാജകുടുംബം, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണ ഘടനാ ബാധ്യതയാണെന്ന് ബോധ്യപ്പെടുത്തുകയാണ് ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിന്റെ പ്രഥമലക്ഷ്യം. എന്നാല്‍ മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് യോഗത്തിന്റെ അജണ്ട എന്നാണ് വിശദീകരണം. തന്ത്രി കണ്ഠരര് മോഹനര്, തന്ത്രി സമാജം, പന്തളം കൊട്ടാരം നിര്‍വാഹക സമിതി, അയ്യപ്പസേവാ സമാജം, അയ്യപ്പസേവാസംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തന്ത്രികുടുംബാഗങ്ങള്‍ പങ്കെടുക്കാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൗത്യം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചത്. തന്ത്രികുടുംബത്തിനും രാജകുടുംബത്തിനും പറയാനുള്ളവ കേട്ട് സര്‍ക്കാര്‍ നിലപാട് ഇവരെ അറിയിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. യുവതീപ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും പന്തളം കൊട്ടാരം പ്രതിനിനിധികള്‍ അനുരഞ്ജന ചര്‍ച്ചക്ക് മുമ്ബ് പ്രതികരിച്ചു.

യോഗത്തിന് മുമ്ബ് അയ്യപ്പസേവാ സമാജം അടക്കമുള്ള സംഘടനകളുമായി പന്തളം കൊട്ടാരം പ്രതിനിധികള്‍ കൂടിയാലോചന നടത്തിയിരുന്നു. വിധി നടപ്പിലാക്കാന്‍ സാവകാശം തേടിയാല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. ഓര്‍ഡിനന്‍സ് ഇറക്കുകയോ, പുനപരിശോധനാ ഹര്‍ജി നല്‍കുകയോ മാത്രമാണ് പരിഹാരമാര്‍ഗമെന്നും ഇവര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *