പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഒരു എംഎല്‍എ കൂടി


ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഒരു എംഎല്‍എ കൂടി രംഗത്തെത്തി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മേട്ടൂര്‍ എംഎല്‍എ ശരവണന്‍ ആണ് മറുകണ്ടം ചാടിയത്. എന്നാല്‍ എംഎല്‍എ രക്ഷപ്പെട്ടെന്ന വാര്‍ത്ത അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ നിഷേധിച്ചു. ശാരീരികവും മാനസീകവുമായി അരോചകമായ അവസ്ഥയാണ് റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ നേരിടുന്നതെന്ന് ശരവണന്‍ പറഞ്ഞു.


റിസോര്‍ട്ടില്‍ പോയതോടെ ശശികലയെ പിന്തുണച്ചതിന് മണ്ഡലത്തിലെ വോട്ടര്‍മാരായ നിരവധി പേരാണ് ഫോണില്‍ വിളിച്ച് ഇഷ്ടക്കേട് അറിയിക്കുന്നതെന്ന് ശരവണന്‍ പറഞ്ഞു. അഞ്ച് ദിവസമാണ് ശരവണന്‍ റിസോര്‍ട്ടില്‍ കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ച് റിസോര്‍ട്ട് ഗേറ്റിന് പുറത്ത് കടക്കുകയായിരുന്നു. എംഎല്‍എയുടെ വേഷവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ ഗാര്‍ഡുകള്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ശരവണന്‍ പറയുന്നു.


ജനങ്ങളുടെ ഫോണ്‍ വിളികളും റിസോര്‍ട്ടിലെ അടച്ചിട്ട താമസവും പലരുടെയും മനസ് മാറ്റുന്നുണ്ടെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ റിസോര്‍ട്ടില്‍ തങ്ങള്‍ക്ക് മദ്യവും സ്ത്രീകളെയും എത്തിച്ചുനല്‍കിയെന്ന് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരവണന്‍ നിഷേധിച്ചു. അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത കാവലിലാണ് എം.എല്‍.എമാര്‍ കഴിയുന്നത്. എല്ലാ എം.എല്‍.എമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേരാന്‍ തയാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശരവണന്‍ കൂടി ചേരി മാറിയതോടെ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം എട്ടായി.



Sharing is Caring