പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു

പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള സമ്പന്നര്‍ക്ക് പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ 10ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെന്ന് സ്വയം വെളിപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ആരുടേയും സബ്‌സിഡി തടയുന്നില്ലെന്നും വാര്‍ഷികവരുമാന പരിധി ഉയര്‍ന്നവര്‍ക്ക് സ്വയം സബ്‌സിഡി വേണ്ടെന്ന് വെയ്ക്കാനുള്ള അവസരം മാത്രമാണിതെന്നും പെട്രോളിയം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജന്മഭൂമിയെ അറിയിച്ചു.

നിലവില്‍ രാജ്യത്താകമാനം 16.35 കോടി പാചകവാതക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 14.78പേരുടേയും സബ്‌സിഡി തുക ബാങ്കുവഴിയാണ് കൈമാറുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇതുവരെ 57.50ലക്ഷം പേര്‍ സബ്‌സിഡി തുക വേണ്ടെന്നു വെച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പത്തുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്‌സിഡി നിയന്ത്രണം കര്‍ശനമാക്കേണ്ട കാര്യമില്ലെന്നും സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് സബ്‌സിഡി വേണ്ടെന്നു വെയ്ക്കാനുള്ള പദ്ധതി മാത്രമാണ് ജനുവരി മുതല്‍ നടപ്പാകുന്നതെന്നുമാണ് മന്ത്രാലയ വിശദീകരണം. ഉയര്‍ന്ന വരുമാന പരിധിയിലുള്ള ഏകദേശം അഞ്ചുലക്ഷത്തോളം പേര്‍ മാത്രമാണ് ഇനി സബ്‌സിഡി വേണ്ടെന്നു വെയ്ക്കാന്‍ അവശേഷിക്കുന്നത്. ഇതിനാല്‍ തന്നെ കര്‍ശന നടപടിയല്ല പുതിയ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Spread the love