ന്യൂസിലാന്‍ഡ് പുതിയ പതാക തെരഞ്ഞെടുത്തു

വെല്ലിങ്ടണ്‍: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശേഷിപ്പായ യൂണിയന്‍ ജാക്ക് നീക്കി ന്യൂസിലാന്‍ഡ് പുതിയ പതാക രൂപകല്‍പനചെയ്തു. കറുപ്പും നീലയും ചേര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളി നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല ആലേഖനം ചെയ്തതാണ് പുതിയ പതാക. നാലു ഡിസൈനുകളെ പിന്നിലാക്കിയാണ് ന്യൂസിലാന്‍ഡ് ജനത ഈ ഡിസൈന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

2016 മാര്‍ച്ചിലെ ഹിതപരിശോധന കൂടി കഴിഞ്ഞ ശേഷമേ പുതിയ പതാക രാജ്യത്തിനു മുകളില്‍ ഉയരൂ. നിലവിലുള്ള പതാക തന്നെ മതിയോ അതല്ല പുതിയത് വേണോ എന്നായിരിക്കും ഹിതപരിശോധനയില്‍ തീരുമാനിക്കുക. കോളനി മനോഭാവത്തിന്റെ ശേഷിപ്പാണ് നിലവിലുള്ള പതാകയെന്ന് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. പുതിയ പതാകക്കുവേണ്ടി പൊതുജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഡിസൈനുകള്‍ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി പതിനായിരത്തിലേറെ ഡിസൈനുകള്‍ ലഭിച്ചു. ഇവയില്‍നിന്ന് വിദഗ്ധസമിതി തെരഞ്ഞെടുത്ത 40 പതാകകളിലൊന്നാണ് ഇപ്പോള്‍ മുന്‍പന്തിയിലെത്തിയിരിക്കുന്നത്. കെയ്‌ലി ലോക്ക്‌വുഡാണ് ഇത് രൂപകല്‍പനചെയ്തത്.

Spread the love