ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍ക്കൈ


ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍ക്കൈ. കിവി നായകന്‍ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ അതിവേഗ ശതകത്തിന് എതിര്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും (138), ഓപ്പണര്‍ ജോ ബേണ്‍സും (170) മറുപടി നല്‍കിയപ്പോള്‍ രണ്ടാം ദിവസം ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സില്‍. കിവികളുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 370 ന് ഒപ്പമെത്താന്‍ ആറു വിക്കറ്റ് കൈയിലിരിക്കെ ഓസീസിന് ഏഴു റണ്‍സ് കൂടി മതി.


കളി നിര്‍ത്തുമ്പോള്‍ ആദം വോഗ്‌സും (രണ്ട്), നഥാന്‍ ലിയോണും (നാല്) ക്രീസില്‍.
ഒരു വിക്കറ്റിന് 57 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ഉസ്മാന്‍ ഖവാജയെ (24) തുടക്കത്തിലേ നഷ്ടം. തലേന്നത്തെ സ്‌കോറിനോട് ആറു റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഖവാജയെ ട്രെന്റ് ബൗള്‍ട്ട് ഒന്നാം സ്ലിപ്പില്‍ മക്കല്ലത്തിന്റെ കൈയിലെത്തിച്ചു.


തുടര്‍ന്ന് ബേണ്‍സിനൊപ്പം ചേര്‍ന്ന് സ്മിത്ത് ടീമിനെ മുന്നോട്ടു നയിച്ചു. മൂന്നാം വിക്കറ്റില്‍ 80.1 ഓവറില്‍ 289 റണ്‍സ് ചേര്‍ത്തു സഖ്യം. ബേണ്‍സ് 321 പന്തില്‍ 20 ബൗണ്ടറികളോടെയാണ് 170 റണ്‍സെടുത്തത്. കരിയറിലെ മൂന്നാം സെഞ്ചുറിയാണിത്. 248 പന്തില്‍ 17 ബൗണ്ടറികളോടെ സ്മിത്തിന്റെ ഇന്നിങ്‌സ്. ഓസീസ് നായകനിത് പതിനാലാം സെഞ്ചുറി.



Sharing is Caring