വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും

വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ആറ് വിദ്യാര്‍ഥികളും ഇന്നലെ അര്‍ദ്ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തിയിരുന്നു. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ,രനാങ്ക ശ്വേതരാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ എത്തിയത്. 500 ഓളം വരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഇവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. തീവ്രവാദി സംഘടനകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നിയമപരമായുള്ള അറസ്റ്റ് നടപടികള്‍ക്ക് അനുസരിച്ച് കീഴടങ്ങാനായിരുന്നു വിദ്യാര്‍ഥികളുടെ തീരുമാനം. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത രീതി ആവര്‍ത്തിക്കപ്പെടരുതെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

അതേസമയം താന്‍ ഭീകരനല്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.
മുസ്‌ലിം ആയതിനാല്‍ തന്നെ ഭീകരവാദി എന്ന് മുദ്ര കുത്താന്‍ ശ്രമിക്കുകയാണ്. തനിക്ക് പാകിസ്താന്‍ പാസ്‌പോര്‍ട്ട് ഉണ്ട് എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വിവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് തങ്ങളല്ല. പോലീസ് പറയുന്നത് വെറും കെട്ട് കഥകളാണെന്നും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് ഉമര്‍ പറഞ്ഞു. ദില്ലി പോലീസിന്റെ പക്കലുണ്ട് എന്ന് പറയുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഉമര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *