നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്കിയ റിസര്‍വ് ബാങ്ക് യോഗത്തിന്റെ മിനിട്ട്സ് പുറത്ത് വിടണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. അസാധു നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ആര്.ബി.ഐ വാദം അടിസ്ഥാനരഹിതമാണ്. അരമണിക്കൂര്‍ യോഗം ചേര്‍ന്ന് നിശ്ചയിക്കാവുന്നതല്ല ഈ കണക്കുകളെന്നും ചിദംബരം ഡല്‍ഹിയില്‍ പറഞ്ഞു.
നോട്ട് അസാധുവാക്കലിന് പിന്നില്‍ വന്‍ പിടിപ്പുകേടും അഴിമതിയുമാണ്. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിക്കാതെയും കറന്‍സി വിനിമയത്തിന്റെ പ്രാധാന്യം മനസിലാക്കാതെയും കറന്‍സി അച്ചടിക്കുന്ന പ്രസുകളുടെ ശേഷി അറിയാതെയുമാണ് നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നും ചിദംബരം പറഞ്ഞു.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സകല നടപടികളും പാളിപ്പോയി. യാതെരുവിധ മുന്‍കരുതലുമില്ലാതെയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്. വന്‍ തോതില്‍ 2000 രൂപ നോട്ടുകള്‍ പിടികൂടുന്നത്. റിസര്‍വ് ബാങ്കിലും കറന്‍സി ചെസ്റ്റുകളിലും ബാങ്കുകളിലും വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവാണെന്നും ചിദംബരം ആരോപിച്ചു.













