നോട്ട് നിരോധനം; പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ പതറി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍


നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് ധനകാര്യ സമിതി (പി എ സി) ക്ക് മുമ്ബാകെ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല.
നോട്ട് നിരോധത്തിന് ശേഷം ബാങ്കുകളിലേക്ക് എത്രരൂപ തിരികെയെത്തിയെന്ന് കൃത്യമായി പറയാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാധിച്ചില്ലെന്ന് പാര്‍ലമെന്റ് ധനകാര്യ സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി സൗഗത് റോയ് പറഞ്ഞു.
അതേസമയം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് ഊര്‍ജിത് പട്ടേല്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജനുവരി ആദ്യം തന്നെ നോട്ട് പിന്‍വലിക്കലിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദേശം സര്‍ക്കാറില്‍ നിന്ന് ലഭിച്ചത് നവംബര്‍ ഏഴാം തീയ്യതിയായിരുന്നു. 2016 നവംബര്‍ എട്ടിന് രാത്രിയാണ് രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം ഉണ്ടായത്.
അന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇതോടെയാണ് പാര്‍ലമെന്റ് ധനകാര്യ സമിതി റിസര്‍വ് ബാങ്ക് ഗവര്‍ണറെ ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ബുധനാഴ്ച നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വ്യാഴാഴ്ച വീണ്ടും ഹാജരാകാന്‍ പി എസി ഊര്‍ജിത് പട്ടേലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Sharing is Caring