നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയിലെ നോക്കിയ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 2 എന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന് ഇപ്പോള്‍ നോക്കിയ 2 വാങ്ങിക്കാം. വിവിധ കമ്പനികളുടെ നിരവധി ഓഫറുകളുടെ അകമ്പടിയോടെയാണ് നോക്കിയയുടെ വരവ്.

അഞ്ച് ഇഞ്ച് എല്‍.ടി.പി.എസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോണിംഗ് ഗൊറില്ലാ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 1. 3 ഗിഗാഹെട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 212 പ്രൊസസ്സറും ഒരു ജിബി റാമും ഫോണിന് കരുത്തേകുന്നു. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോണെത്തുന്നത്. 4,100 മില്ലിആമ്പിയര്‍ ബാറ്ററി തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുതകും.
8 മെഗാപിക്‌സല്‍ പിന്‍കാമറയും 5 മെഗാപിക്‌സല്‍ മുന്‍കാമറയുമുണ്ട് നോക്കിയ 2ന്. എടുക്കുന്ന ചിത്രങ്ങള്‍ എവിടെ ശേഖരിക്കുമെന്നോര്‍ത്ത് വിഷമിക്കുകയും വേണ്ട.

ഗൂഗിള്‍ ഫോട്ടോസില്‍ പരിധിയില്ലാത്ത സ്ഥലമാണ് ഫോട്ടോസ് സൂക്ഷിക്കാനായി നോക്കിയ തരുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാനുമാകും ഈ ഫോണില്‍.

നോക്കിയ 2 വാങ്ങുന്നവര്‍ക്ക് 45 ജിബി ഡാറ്റ ജിയോ അധികമായി നല്‍കും. 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രതിമാസം 5 ജിബി ഡാറ്റവീതം 9 മാസത്തേക്കാണ് ലഭിക്കുന്നത്. അതുപോലെതന്നെ ആക്‌സിഡന്റ് ഡാമേജ് ഇന്‍ഷുറന്‍സ് കൊടാക്കുമായി സഹകരിച്ച് നോക്കിയ നടപ്പാക്കുന്നുണ്ട്.
ഇനി പറയേണ്ടത് വിലയേക്കുറിച്ചാണ്. 6,999 രൂപയാണ് നോക്കിയ 2ന്റെ ഇന്ത്യയിലെ വില. കൈയിലൊതുങ്ങുന്ന വിലയ്ക്ക് ഒരു നോക്കിയ ഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നോക്കിയ 2 എന്തുകൊണ്ടും അനുയോജ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *