നായകനും നായികയും മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട എന്ന് ഗൗതം മേനോന്റെ തീരുമാനം; ഒറ്റ ഡയലോഗില്‍ ക്ലിക്കായ കോട്ടയം പ്രദീപ്

കല്യാണരാമന്‍, രാജമാണിക്യം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയ നടനാണ് കോട്ടയം പ്രദീപ്. എന്നാല്‍ ‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ…’ എന്ന ഡയലോഗ് താരത്തിന് ജനപ്രീതി നേടിക്കൊടുത്തു.

ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ ചിത്രത്തിലെ ഒരൊറ്റ ഡയലോഗ് ആണ് കോട്ടയം പ്രദീപ് എന്ന കലാകാരന് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിക്കൊടുത്തത്. 2010ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് സിനിമയില്‍ എത്തിയത്.
വിണ്ണൈത്താണ്ടി വരുവായയിലെ ഡയലോഗ് ഹിറ്റ് ആയതോടെ കോട്ടയം പ്രദീപിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. യാതൊരു പ്രതീക്ഷയുമില്ലാതെയാണ് കോട്ടയം പ്രദീപ് ഈ ചിത്രത്തിന്റെ ഓഡിഷനു പോയത്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം.
എന്നാല്‍ ഭാഗ്യവശാല്‍ സിനിമയില്‍ അവസരം ലഭിക്കുകയായിരുന്നു. സംവിധായകന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്ന് അഭിമുഖങ്ങളില്‍ പ്രദീപ് തുറന്നു പറയാറുണ്ട്.

വിണ്ണൈ താണ്ടി വരുവായ തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കും മാറിയപ്പോഴും കോട്ടയം പ്രദീപ് ചിത്രത്തില്‍ സജീവ സാന്നിധ്യമായി. നായകനും നായികയും മാറിക്കോട്ടെ, അമ്മാവന്‍ മാറണ്ട എന്ന ഗൗതം മേനോന്റെ തീരുമാനം പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കി.
നാളെ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് പ്രദീപ് ഒടുവില്‍ വേഷമിട്ടത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ, തുടങ്ങി എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചു. രാജാറാണി, നന്‍പെന്‍ടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *