യു പിയിൽ ജീവിക്കണമെങ്കിൽ ‘യോ​ഗി യോ​ഗി’ എന്ന് വിളിക്കണം; വോട്ട് ചെയ്തില്ലെങ്കിൽ വീടുകൾ തകർക്കും; ജനങ്ങളെ ഭീഷണിപ്പെടുത്തി എം എൽ എ

യു പി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വീടുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ എംഎൽഎയ്ക്ക് തെലുങ്കാന ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എംഎൽഎ ടി രാജാ സിം​ഗ് നടത്തിയ വിവാദ പരാമർശമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തിയത്. ചൊവ്വാഴ്ചയാണ് വിവാദ വീഡിയോ പുറത്തിറക്കിയത്.
ഹെെദരാബാദിലെ ​ഗോഷാമഹൽ നിയോജക മണ്ഡലത്തിലെ എംഎൽഎ ടി.രാജാ സിം​ഗാണ് വീഡിയോയ്ക്ക് പിന്നിൽ. വീഡിയോയിൽ എംഎൽഎ പറയുന്നത് ഇപ്രകാരമാണ്. “യോ​ഗിജിയുടെ പക്കൽ ആയിരക്കണക്കിന് ബുൾഡോസറുകളുണ്ട്. യോഗി ജി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കാത്ത രാജ്യദ്രോഹികളെ കണ്ടെത്തും. അവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോ​ഗിച്ച് തകർക്കും. ഉത്തർപ്രദേശിൽ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ യോ​ഗി യോ​ഗി എന്ന് വിളിക്കണം. അല്ലെങ്കിൽ സംസ്ഥാനം വിട്ട് ഓടി പോകണം.”
രാജാ സിംഗിന്റെ ഭീഷണി മാതൃകാ പെരുമാറ്റച്ചട്ടം, 1951 ലെ ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി എന്നിവയുടെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാൻ 24 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്.
രാജാ സിം​ഗിന്റെ വിവാദ പരാമർശത്തിന് ശേഷം തെലുങ്കാന ഐ ടി മന്ത്രി കെ താരക രാമറാവു എംഎൽഎയുടെ പരാമർശത്തെ അപലപിച്ചു. ഹാസ്യനടന്റെ വാക്കുകളാണ് രാജാസിങ് പറയുന്നതെന്നാണ് താരകറാവു പരിഹസിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രാജാസിങ്ങിന്റെ പരാമർശത്തെ കുറ്റപ്പെടുത്തി വിവാദ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *