പോലിസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് വിവാദമായിരിക്കേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ചട്ടങ്ങള്‍ ലംഘിക്കുന്നതായി റിപോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിയായിരിക്കെ ഇറക്കിയ സ്വന്തം ഉത്തരവ് തന്നെ തിരുത്തി പോലിസുകാരെ സേവനത്തിന് നിയോഗിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയാണ്.
ക്രമസമാധാന പാലനത്തിനുള്ള ലോക്കല്‍ പോലിസുകാരെ വര്‍ക്കിങ് അറേഞ്ചമെന്റില്‍ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുതെന്ന് ആഭ്യന്തരസെക്രട്ടറിയായിരിക്കെയാണ് നളിനി നെറ്റോ ഉത്തരവിറക്കിയത്. എന്നാല്‍ ഇന്ന് നളിനി നെറ്റോയ്‌ക്കൊപ്പമുള്ളത് ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള 3 പോലിസുകാരാണ്.

ആഭ്യന്തര സെക്രട്ടറിക്ക് ഒപ്പമുള്ള പോലിസുകാരെ നിയോഗിച്ചതാകട്ടെ ഡിജിപിയുടെ ഉത്തരവില്ലാതെയും. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന പോലിസുകാരേക്കുറിച്ച് നടത്തിയ പുതിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിനൊപ്പമുള്ളത് 5 പോലിസുകാര്‍. പക്ഷെ ഇതിലുള്ള 2 പൊലിസുകാരുടെ ഡെപ്യുട്ടേഷന്‍ പൊലിസ് കമ്മീഷ്ണറുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ്. ഡിജിപിയുടെ ഉത്തരവില്ലാതെ പൊലീസുമാരുടെ ഡെപ്യൂട്ടേഷന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് ഇത്.













