നടിമാരുടെ വാദം കള്ളമാണ്, മാന്യനായ മനുഷ്യനെ ക്രൂരമായി ആക്രമിച്ചു: സഹയാത്രക്കാരന്റെ വെളിപ്പെടുത്തല്‍

ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ തെറ്റ് യുവ നടികളുടേതെന്ന് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ഷിനോജ്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്നത് യുവതികള്‍ കള്ളം പറയുന്നതാണ്. നഗര മധ്യത്തില്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതിന് ഏറ്റവും ശക്തമായ സാക്ഷിയാണ് ഷിനോജ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ ഷിനോജ് പോലീസിനോട് പറഞ്ഞു. പൂള്‍ ടാക്സി പ്രകാരം വിളിച്ച ടാക്സിയിലെ സഹയാത്രികരായിരുന്നു യുവതികള്‍. എന്നാല്‍ ഷിനോജിനെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബഹളം വെച്ചു. എന്നാല്‍ ഓണ്‍ലൈന്‍ വഴി ടാക്സി വിളിച്ച യാത്രക്കാരനെ ഇറക്കി വിടാനാവില്ലെന്ന് ഷഫീക്ക് പറഞ്ഞു. ഇതോടെ യുവതികള്‍ അക്രമാസക്തരാവുകയായിരുന്നു. മര്‍ദ്ദനമേറ്റ ഷഫീക്ക് നല്‍കിയ മൊഴി സത്യമാണ്. എന്നാല്‍ യുവതികളുടേത് നുണയാണെന്നും ഷിനോജ് ഉറപ്പിച്ചു പറയുന്നു.
കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുളള ഷഫീക്കിന്റെ പരാതി പൂര്‍ണമായും സത്യമാണെന്നും ഷിനോജ് പറഞ്ഞു. ഇതിനു പുറമേ നടുറോഡില്‍ ഷഫീക്കിന്റെ മുണ്ടഴിച്ച്‌ അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയെന്നും ഷിനോജ് പറയുന്നു. ഷഫീക്ക് മോശമായി പെരുമാറിയെന്ന യുവതികളുടെ വാദവും ഷിനോജ് തള്ളിക്കളഞ്ഞു. അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നു തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് പറഞ്ഞു.

മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവതികളെ പിന്നീട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികളായ യുവതികള്‍. സിനിമ, സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംക്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. നടുറോഡിലെ അടിപിടി കണ്ട് നാട്ടുകാര്‍ കൂടിയതോടെ പൊലീസെത്തി യുവതികളെ വൈറ്റില ട്രാഫിക് ടവറിലേക്കും ഷെഫീക്കിനെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഷെഫീക്കിന്റെ മുഖത്തും തലയിലും ദേഹത്തും പരുക്കുണ്ട്. വനിതാ പൊലീസെത്തിയാണ് യുവതികളെ മരട് പൊലീസ് സ്റ്റേഷനിലേക്കു നീക്കിയത്.
തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *