ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം

32-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം. തുടര്‍ച്ചയായ അഞ്ചാമത്തെയും ആകെ 22-ാമത്തെയും കിരീടമാണ് കൗമാര കായികതാരങ്ങള്‍ കേരളത്തിനു നേടിക്കൊടുത്തത്. 18 സ്വര്‍ണം, 18 വെള്ളി, 23 വെങ്കലമടക്കം 429 പോയിന്റ്. അവസാനദിനം ആതിഥേയരായ തമിഴ്‌നാടിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. തമിഴ്‌നാടിന് 20 സ്വര്‍ണം, 12 വെള്ളി, 16 വെങ്കലമടക്കം 420.5 പോയിന്റ്. മീറ്റില്‍ ആദ്യ ആറ് സ്ഥാനക്കാര്‍ക്ക് പോയിന്റ് ലഭിക്കുമെന്നതാണ് ഇത്തവണ കേരളത്തെ തുണച്ചത്. ആദ്യം മുന്നിലും പിന്നീട് രണ്ടാമതുമായ ഹരിയന ഒടുവില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 273 പോയിന്റുമായി ഹരിയാന മുന്നില്‍. രണ്ടാം സ്ഥാനം 165 പോയിന്റുള്ള തമിഴ്‌നാടിന്. പെണ്‍കുട്ടികളില്‍ 268 പോയിന്റുമായി കേരളം ഒന്നാമത്. 248 പോയിന്റുമായി തമിഴ്‌നാട് രണ്ടാമത്. എന്നാല്‍, ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും കേരളത്തിന് ആദ്യ രണ്ട് സ്ഥാനങ്ങളില്ല.

പെണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗത്തില്‍ മാത്രമാണ് കേരളത്തിന് ഒന്നാം സ്ഥാനം, 83 പോയിന്റ്. 51 പോയിന്റുമായി തമിഴ്‌നാട് രണ്ടാമത്. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ 99 പോയിന്റുമായി തമിഴ്‌നാട് ഒന്നാമതും 90 പോയിന്റുമായി കേരളം രണ്ടാമതും. അണ്ടര്‍ 18-ല്‍ തമിഴ്‌നാടിന് 84.5 പോയിന്റും കേരളത്തിന് 80 പോയിന്റും. അണ്ടര്‍ 14 വിഭാഗത്തില്‍ 28 പോയിന്റുമായി മഹാരാഷ്ട്ര ഒന്നാമത്, 21 പോയിന്റുമായി തമിഴ്‌നാട് രണ്ടാമത്.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 92 പോയിന്റുമായി തമിഴ്‌നാട് ഒന്നാമത്, 83 പോയിന്റുള്ള ഹരിയാന രണ്ടാം സ്ഥാനത്ത്. അണ്ടര്‍ 18, 16 വിഭാഗങ്ങൡ 111, 61 പോയിന്റുകള്‍ നേടി ഹരിയാന ഒന്നാമത്. ദല്‍ഹി രണ്ട് വിഭാഗങ്ങളിലും രണ്ടാമത്, യഥാക്രമം 75, 43 പോയിന്റുകള്‍. അണ്ടര്‍ 14 വിഭാഗത്തില്‍ 28 പോയിന്റുമായി ഉത്തര്‍പ്രദേശ് ഒന്നാമത്, 16 പോയിന്റ് വീതം പങ്കിട്ട് ഹരിയാനയും ദല്‍ഹിയും രണ്ടാമത്.

മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് മീറ്റ് റെക്കോഡുകള്‍ മാത്രമാണ് പിറന്നത്. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഹരിയാനയുടെ ശങ്കറും ഇതേ വിഭാഗം 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ദല്‍ഹിയുടെ രാജ്കുമാറുമാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 1:52.59 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ശങ്കര്‍ ഹരിയാനയുടെ മന്‍ദീപ് 2012-ല്‍ സ്ഥാപിച്ച 1:53.02 സെക്കന്‍ഡിന്റെ റെക്കോഡ് മറികടന്നത്. സ്റ്റീപ്പിള്‍ചേസില്‍ 6:02.69 സെക്കന്‍ഡില്‍ ഓടിയെത്തിയ രാജ്കുമാറിന് മുന്നില്‍ വഴിമാറിയത് 2009-ല്‍ മധ്യപ്രദേശിന്റെ ജിയ ലാല്‍ സ്ഥാപിച്ച 6:03.20 സെക്കന്‍ഡ്.ഇതോടെ അഞ്ച് ദിവസങ്ങളിലായി നടന്ന മീറ്റില്‍ ആകെ 14 ദേശീയ റെക്കോഡുകളും 24 മീറ്റ് റെക്കോഡുകളും പിറവിയെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *