ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷത്തിന് ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്‍റെ കുറ്റപത്രത്തിന് കളക്ടറുടെ അനുമതി

പുറ്റിങ്ങല്‍ വെടിക്കട്ടപകടത്തിന്‍റെ കുറ്റപത്രത്തിന് കൊല്ലം ജില്ലാ കളക്ടര്‍ അനുമതി നല്‍‍കി. കുറ്റപത്രത്തിന് അനുമതി ജില്ലാ ഭരണകൂടം കേസ് അട്ടിമറിക്കുന്നുവെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ഇന്ന് പുറ്റിങ്ങല്‍ ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം തികയുകയാണ്
സ്ഫോടക വസ്തു നിയമപ്രകാരമുള്ള അവസാന അനുമതിക്കായി രണ്ട് മാസമായി പുറ്റിങ്ങല്‍ ദുരന്തത്തിന്‍റെ കുറ്റപത്രം കളക്‌ട്രേറ്റിലെ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സംസ്ഥാന ഡിജിപി അംഗീകരിച്ച കുറ്റപത്രം വൈകിപ്പിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമായിരുന്നു. ചില സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതിനാലാണ് അനുമതി നല്‍കാന്‍ വൈകിയതെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുമതി നല്‍കി ഇന്ന് തന്നെ കുറ്റപത്രം പ്രോസിക്യൂഷന് കൈമാറും. അടുത്തയാഴ്ച തന്നെ കുറ്റപത്രം പരവൂര്‍ കോടതിയില്‍ സമര്‍പ്പിക്കും
മൂന്ന് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തിന്റെ ഭാഗമായുള്ള മല്‍സരവെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്ബം തുടങ്ങിയത്. ആവേശം മൂര്‍ച്ഛിച്ചതോടെ കൃഷ്ണന്‍കുട്ടി ആശാനും സുരേന്ദ്രനാശാനും തമ്മില്‍ മത്സരമായി. പൊട്ടിക്കാന്‍ കൊണ്ടുപോയ കമ്ബത്തില്‍ തീപ്പൊരി ചിതറി.
പിന്നോട്ടോടിയ തൊഴിലാളി ചെന്നുകയറിയത് വന്‍ സ്ഫോടക ശേഖരം സൂക്ഷിച്ചിരുന്ന കമ്ബപ്പുരയിലുമായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടമായ കമ്ബപ്പുര വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചുറ്റുംകൂടിനിന്ന ആയിരക്കണക്കിന് പേരുടെ ഇടയിലെക്ക് കോണ്‍ക്രീറ്റ് പാളികള്‍ ശക്തമായി പതിക്കുകയായിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 12 ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *