പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം നടന് ദിലീപ് പുഴയുടെ പുറമ്പോക്ക് ഭൂമി കൈയേറിയതായ നാട്ടുകാരുടെ പരാതിയില്‍ ഇന്ന് പരിശോധന നടക്കും. ഇത് സംബന്ധിച്ച് കരുമാല്ലൂര്‍ വില്ലേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ താലൂക്ക് സര്‍വയര്‍മാര്‍ പുഴയുടെ ഭാഗത്ത് പുറമ്പോക്ക് ഭൂമി കൈയേറ്റം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുക.
ഇതിനായി പെരിയാറിന്റെ തീരത്ത് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തും. എന്നാല്‍, താലൂക്ക് സര്‍വയര്‍മാര്‍ അളന്ന് തിട്ടപ്പെടുത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ എന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്.
അതുകൊണ്ട് തന്നെ വില്ലേജ് ഓഫിസര്‍ പറവൂര്‍ തഹസില്‍ദാര്‍ വഴി ജില്ലാ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം നടന്നിട്ടുള്ളതായി വ്യക്തമാക്കിയിട്ടില്ല. പെരിയാറിനോട് ചേര്‍ന്ന് രണ്ടേക്കര്‍ സ്ഥലമാണ് ദിലീപിന്റെ കൈവശം ഉള്ളത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവാര്യരുടെയും പേരിലാണ് ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഈ സ്ഥലത്തിന്റെ ആധാരം ഇപ്പോഴും ഇരുവരുടെയും പേരില്‍ തന്നെയാണ്.
നാലുവര്‍ഷം മുന്‍പാണ് പുറപ്പിള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ നടപടി തുടങ്ങിയത്. ദിലീപിന്റെ സ്ഥലത്തിനോടുചേര്ന്നാണ് പാലം കടന്നു പോകുന്നത്. പാലം നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി പുഴയുടെ ഭാഗത്ത് കരിങ്കല്‍ ഭിത്തി നിര്‍മിച്ച് നല്കി കൈയേറ്റത്തിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പാലം നിര്‍മാണത്തിന്റ ഭാഗമായി പുഴയില്‍നിന്നു ഡ്രഡ്ജ് ചെയ്ത മണല്‍ ഈ ഭാഗത്ത് നിക്ഷേപിച്ച് കുഴിയായി കിടന്ന സ്ഥലം നികത്തിയതായും ആരോപണമുണ്ട്.
കൈയേറ്റം തെളിഞ്ഞാല്‍ മഞ്ജു വാര്യരും കക്ഷിയാകും

നെടുമ്പാശ്ശേരി: പുറപ്പിള്ളിക്കാവ് പാലത്തിന് സമീപം നടന് ദിലീപ് പെരിയാര്‍ പുറമ്പോക്ക് കൈയേറിയതായി തെളിഞ്ഞാല്‍ തുടര്‍നടപടികളില്‍ പ്രമുഖ നടി മഞ്ജു വാര്യരും കക്ഷിയാകും. പെരിയാറിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലം ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജു വാര്യരുടെയും പേരിലാണ്. 2009 ലാണ് ഇവര്‍ ഈ സ്ഥലം സ്വന്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപിനെതിരേ ഏതെങ്കിലും വിധത്തിലുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായാല്‍ ഇക്കാര്യത്തില്‍ മഞ്ജു വാര്യരെ മാറ്റി നിര്‍ത്താനാവില്ല. എട്ട് വര്‍ഷം പഴക്കമുള്ള കൈയേറ്റത്തില്‍ തനിക്ക് യാതൊരു അറിവും ഇല്ലെന്ന വാദം മഞ്ജു വാര്യര്‍ക്കും ഉയര്‍ത്താനാവില്ല.
ദിലീപും മഞ്ജു വാര്യരും ചേര്‍ന്നാണ് ഈ സ്ഥലം വാങ്ങുന്നതിന് മുന്‍പും അതിനു ശേഷവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നത്. എന്നാല്‍, ഇവിടെ താലൂക്ക് സര്‍വയര്‍മാര്‍ നടത്തുന്ന പരിശോധനയില്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തിയാല്‍ തന്നെ ഇത് സര്‍ക്കാര്‍ സ്വമേധയാ ഏറ്റെടുക്കുകയല്ലാതെ മറ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.
ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ മഞ്ജു വാര്യര്‍ സാമ്പത്തികമായ മറ്റ് അവകാശവാദങ്ങളൊന്നും മുന്നോട്ടുവച്ചിരുന്നില്ല. അതു കൊണ്ട് ഇരുവരുടെയും പേരിലുള്ള സ്വത്ത് വകകള്‍ ആ നിലയില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് ഇരുവരുടെയും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സ്ഥലം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മൊത്തമായി ഈ സ്ഥലം മകള്‍ മീനാക്ഷിയുടെ പേരിലേക്ക് മാറ്റണമെന്ന നിലപാടാണ് മഞ്ജു വാര്യര്‍ സ്വീകരിച്ചിരുന്നത്.
ഡി സിനിമാസിന്റെ സ്ഥലം ഇന്ന് അളന്ന് തിട്ടപ്പെടുത്തും
തൃശൂര്‍: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള വിവാദമായ ചാലക്കുടിയിലെ ഡി സിനിമാസിന്റെ സ്ഥലം ഇന്ന് അളന്ന് തിട്ടപ്പെടുത്തും. ഡി സിനിമാസിനു വേണ്ടി പുറമ്പോക്ക് ഭൂമി കൈമാറിയെന്ന പരാതി വിവാദമായ പശ്ചാത്തലത്തിലാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് വിവാദം വീണ്ടും സജീവമായത്. നേരത്തെ കൈയേറ്റം സംബന്ധിച്ച വാര്‍ത്ത വരികയും അന്വേഷണം നടക്കുകയും ചെയ്തിരുന്നുവെങ്കിലും ഉന്നതതല ഇടപെടല്‍ മൂലം അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.
റവന്യൂ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച രേഖകള്‍ വീണ്ടും പരിശോധിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണത്തിനും ശുപാര്‍ശ നല്‍കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖ ചമച്ചാണ് സ്ഥലം സ്വന്തമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.













