ചിത്രയ്ക്ക് ചുവപ്പ് കാര്‍ഡ് ഉറപ്പിച്ച് ഫെഡറേഷന്‍; ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും


പി.യു ചിത്രയെ ലണ്ടന്‍ ട്രാക്കില്‍ എത്തിക്കാന്‍ കായിക കേരളം കൂടെ ഓടിയിട്ടും ഫലമില്ല. ചിത്രയ്ക്ക് നേരെ ചുവപ്പ് കാര്‍ഡ് ഉറപ്പിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കേയാണ് പി.യു ചിത്ര യോഗ്യത നേടിയില്ലെന്ന മറുപടി കായിക മന്ത്രാലയത്തിന് നല്‍കി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കൈകഴുകിയത്. ഇതേ മറുപടി തന്നെയാവും ഇന്ന് ഹൈക്കോടതിയിലും ഫെഡറേഷന്‍ ഉന്നയിക്കാന്‍ സാധ്യത. തങ്ങളുടെ വീഴ്ചകള്‍ മറച്ചുവച്ച് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്ത താരമാണ് ചിത്രയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഫെഡറേഷന്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയതിനെതിരേ പരാതി ഉയര്‍ന്നതോടെ ദേശീയ കായിക മന്ത്രാലയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യോട് വിശദീകരണം ചോദിച്ചിരുന്നു. സായിക്ക് എ.എഫ്.ഐ സമര്‍പ്പിച്ച മറുപടിയിലാണ് ചിത്ര ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
എന്നാല്‍, ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരങ്ങളെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യരാണെന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് ഫെഡറേഷന്‍ പിന്നോട്ടു പോയി. യോഗ്യതാ മാര്‍ക്ക് മുന്‍നിര്‍ത്തിയാണ് ടീം തിരഞ്ഞെടുപ്പെന്നാണ് എ.എഫ്.ഐയുടെ പുതിയ വിശദീകരണം. കൃത്യമായ മാനദണ്ഡം മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു ഫെഡറേഷന്റെ ടീം തിരഞ്ഞെടുപ്പ്.
ഇന്ത്യന്‍ ടീമിന്റെ പട്ടിക കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് സമര്‍പ്പിച്ചിരുന്നു. 25 രാത്രിയോടെ എന്‍ട്രി സമര്‍പ്പിക്കാനുള്ള സമയവും കഴിഞ്ഞു. ചിത്ര നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അത്‌ലറ്റിക് ഫെഡറേഷനോട് ഇന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കായിക മന്ത്രാലത്തിന് നല്‍കിയ മറുപടി തന്നെയാവും എ.എഫ്.ഐ കോടതിയിലും ബോധിപ്പിക്കുക. അതിനിടെ ഫെഡറേഷന് എതിരേ കോടതിയെ സമീപിച്ച ചിത്രയുടെ ഭാവി സംബന്ധിച്ച ഭീഷണിയും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഫെഡറേഷനുമായി ഏറ്റുമുട്ടി കായിക രംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന ഉപദേശമാണ് മുന്‍ ഒളിംപ്യന്‍ ഉള്‍പ്പടെ നല്‍കുന്നത്. കായിക താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സര പരിചയത്തിന് അവസരം ലഭിക്കുന്നില്ലെന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെ അത്‌ലറ്റിക് ഫെഡറേഷന്റെ ദുരൂഹത നിറഞ്ഞ നടപടിയെ ന്യായീകരിക്കുകയാണ്.


ചിത്രയെ ഒഴിവാക്കിയത് ഫെഡറേഷന്റെ നിയമങ്ങള്‍ പ്രകാരം: പി.ടി ഉഷ


കോഴിക്കോട്: ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഫെഡറേഷന്റെ നിയമങ്ങളും പെര്‍ഫോമന്‍സും അടിസ്ഥാനപ്പെടുത്തിയാണ് താരങ്ങളെ തിരഞ്ഞെടുത്തതെന്നും ഒളിംപ്യന്‍ പി.ടി ഉഷ. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിരീക്ഷകയുടെ റോള്‍ മാത്രമെ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയിരുന്നുവെങ്കിലും ഫെഡറേഷന്റെ യോഗ്യതാ നിര്‍ണയത്തിന് ആവശ്യമായ പെര്‍ഫോര്‍മന്‍സ് പുറത്തെടുക്കാന്‍ ചിത്രക്ക് കഴിഞ്ഞിട്ടില്ല. പുരുഷ വിഭാഗത്തില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ അജോയ്കുമാര്‍ സരോജ്, 3000 മീറ്ററില്‍ സ്വര്‍ണം നേടിയ സുധാ സിങ് എന്നിവരും ലോക മീറ്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയെല്ലാം താന്‍ വാദിച്ചിരുന്നു. ഗുണ്ടൂരില്‍ നടന്ന ദേശീയ മീറ്റില്‍ ചിത്രക്ക് രണ്ടാം സ്ഥാനമാണ് കിട്ടിയത്. ഇതും ഫെഡറേഷന്റെ പ്രതികൂല തീരുമാനത്തിന് കാരണമായി.
ഇതിന്റെ പേരില്‍ തനിക്കെതിരെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംസ്ഥാന കായിക മന്ത്രി തനിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തന്നോട് അന്വേഷിക്കാമായിരുന്നു. ചിത്രക്ക് പരിശീലനത്തിനും മറ്റും ദേശീയ ക്യാംപില്‍ പോകാവുന്നതാണ്. അവിടെ വിദേശത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള കോച്ചുകളുടെ സേവനം ലഭിക്കും. ചിത്ര പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നും മറ്റുമുള്ള പ്രചാരണങ്ങളില്‍ കാര്യമില്ല. ചിത്രയ്ക്ക് വേണ്ടി ഇനിയും താന്‍ മുന്‍കൈയെടുക്കും. അത്‌ലറ്റിക് അസോസിയേഷന്റെ അപ്രീതിക്ക് കാരണമാകുന്ന വിധത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായാല്‍ ചിത്രയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒഴിവാക്കിയതില്‍ ഗൂഢാലോചന; യോഗ്യത നിശ്ചയിക്കേണ്ടത് പി.ടി ഉഷ അല്ല: ടി.പി ദാസന്‍

തിരുവനന്തപുരം: ഏഷ്യന്‍ ചാംപ്യന്‍ പി.യു ചിത്രയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദത്തെടുക്കുമെന്ന് പ്രസിഡന്റ് ടി.പി ദാസന്‍. പി.ടി ഉഷ ഉള്‍പ്പടെ ഫെഡറേഷന്റെ ഭാഗമായ മലയാളികള്‍ നിരുത്തരവാദിത്വത്തോടെ പെരുമാറിയതാണ് ചിത്രക്ക് അവസരം നഷ്ടമാക്കിയത്.
ചിത്രയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ടി.പി ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചിത്രയുടെ യോഗ്യത തീരുമാനിക്കേണ്ടത് പി.ടി ഉഷ അല്ലെന്നും അവരുടെ പരിശീലകരാണ് കായിക മികവിനെ കുറിച്ച് പറയേണ്ടതെന്നും ടി.പി ദാസന്‍ പറഞ്ഞു.
ചിത്ര പട്ടികയില്‍ ഇല്ലെന്ന കാര്യം മറച്ചുവച്ചതിനാല്‍ അപ്പീല്‍ നല്‍കാനുള്ള അവസരം നഷ്ടമായി. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ചിത്ര അനാഥയാവില്ല. ചിത്രയെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദത്തെടുക്കും. കായിക രംഗത്ത് ഉയരാനാവുന്ന അത്രയും ഉയരാന്‍ ആവശ്യമായ സാങ്കേതിക സഹായം നല്‍കും. മുഖ്യമന്ത്രിയും കായിക മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പി.ടി ഉഷയ്ക്ക് പുറമെ അഞ്ജു ബോബി ജോര്‍ജ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മലയാളി അംഗങ്ങള്‍. 20ന് ചേര്‍ന്ന സെലക്്ഷന്‍ കമ്മിറ്റി എടുത്ത തീരുമാനം 23നാണ് പരസ്യപ്പെടുത്തിയത്. 24ന് രാത്രി എട്ടിന് മാത്രമാണ് ഇക്കാര്യം എന്‍ട്രിയായത്. 23 വരെ കേരളത്തില്‍ ആരും ഇക്കാര്യം അറിഞ്ഞില്ല.
ഫെഡറേഷന്‍ അംഗമായ മലയാളികള്‍ സാമാന്യ മര്യാദ കാട്ടിയിരുന്നെങ്കില്‍ ദുഃഖകരമായ കാര്യം സംഭവിക്കില്ലായിരുന്നു. പഞ്ചാബില്‍ നിന്നുള്ള താരങ്ങള്‍ 21ന് തന്നെ അപ്പീല്‍ നല്‍കിയപ്പോള്‍ പി.യു ചിത്രയ്ക്ക് അതിന് കഴിഞ്ഞില്ല. പിന്നീടാണ് ചിത്രയുടെ അപ്പീല്‍ നല്‍കിയത്. ലണ്ടന്‍ സംഘത്തില്‍ ഒഫിഷ്യല്‍സിന് അവസരം കിട്ടാന്‍ അത്‌ലറ്റുകളെ ഒഴിവാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
അത്‌ലറ്റുകളുടെ യോഗ്യതാ പരിശോധന ഉള്‍പ്പെടെ ഫെഡറേഷന്‍ നടപടികളില്‍ സുതാര്യതയില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ മൂന്ന് ശിഷ്യര്‍ യോഗ്യത നേടിയിട്ടും പരിശീലകന്‍ ജയകുമാറിനെ തഴഞ്ഞത് പ്രതിഷേധാര്‍ഹമാണെന്നും ടി.പി ദാസന്‍ പറഞ്ഞു.



Sharing is Caring