ദിലീപിന് വീഡിയോ കോണ്‍ഫറന്‍സിന് അനുമതി

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അനുമതി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ദിലീപിന് വീഡിയോ കോണ്‍‌ഫറന്‍സ് സൌകര്യം ഒരുക്കണമെന്ന് കാണിച്ച് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ചൊവ്വാഴ്ച റിമാൻഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നടപടി പൂർത്തിയാക്കണമെന്നാണ് കോടതിയോട് പോലീസ് അഭ്യർഥിച്ചത്. 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന ദിലീപ് നിലവിൽ ആലുവ സബ് ജയിലിലാണ്.

ദിലീപിനെ പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ വന്‍ ജനാവലിയാണ് കൂക്കൂവിളികളുമായി രംഗത്ത് എത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് പലപ്പോഴും കഴിയാറില്ല. പല സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും ജനക്കൂട്ടം പ്രതിഷേധവുമായി എത്തിയതിനാല്‍ ദിലീപിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ കോണ്‍‌ഫറന്‍സിങ് എന്ന ആവശ്യം പോലീസ് മുന്നോട്ട് വയ്ക്കുന്നത്.

വീഡിയോ കോണ്‍ഫറൻസിംഗിന് നിലവിൽ ആലുവ സബ് ജയിലിൽ സൗകര്യമുണ്ട്. അതേസൗകര്യം അങ്കമാലി കോടതിയിൽ കൂടി തയാറാക്കിയാൽ ഇത്തരത്തിൽ കോടതി നടപടി പൂർത്തിയാക്കാമെന്നായിരുന്നു പോലീസിന്റെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *