അമിത പലിശയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി

അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായി നടപടികള്‍ കൈക്കൊണ്ടുവരുന്നതായി സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അമിതപലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് 201617 കാലയളവില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2016 മെയ് 25 മുതല്‍ 2017 ജൂലൈ 23വരെ (23072017) അമിത പലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് 314 റെയ്ഡുകള്‍ നടത്തി. 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25 പേരെ ഈ കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപത്രം, ആര്‍ സി ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ അനധികൃതമായി കൈവശം വച്ച 84 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.
അമിത പലിശക്കാരുടെ സഹായത്തിനെത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും സംസ്ഥാനജില്ലാ തലങ്ങളില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ബ്ലെയ്ഡ് മാഫിയയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങളും അമിതപലിശ സംബന്ധിച്ച പരാതികളും 24 മണിക്കൂറും 8547546600 എന്ന നമ്ബരില്‍ അറിയിക്കാം.
സംസ്ഥാന വ്യാപകമായി ബ്ലെയ്ഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും പോലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമപരമായ കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ് മേധാവി അറിയിച്ചു. ബ്ലെയ്ഡ് മാഫിയക്കാരുടെ ചൂഷണത്തെക്കുറിച്ചും വായ്പാകാര്യങ്ങള്‍ക്ക് അംഗീകൃത ഏജന്‍സികളെ സമീപിക്കണമെന്നതിനെക്കുറിച്ചും ജനമൈത്രി പോലീസിനെ ഉപയോഗിച്ച് ബോധവത്കരണം നടത്തുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *