നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.ജാമ്യാപേക്ഷ കേൾക്കുന്നത് വ്യാഴാഴ്ച പൂർത്തിയായതിനെ തുടർന്ന് വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു.ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.രണ്ടു പേർ കണ്ടാൽ ഗൂഢാലോചനയാവില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു.
നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ മുഖ്യമായും വാദിക്കുന്നത്.ഇന്ത്യൻ ക്രിമിനൽ നിയമ ചരിത്രത്തിലെ ആദ്യ സംഭവമാണ് ബലാത്സംഗ ക്വട്ടേഷനെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.ദിലീപിന്‍റെ പങ്കു തെളിയിക്കുന്ന വ്യക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ ക്രമിനലായ കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വാദിച്ചു.ദിലീപിനെ കേസിലുൾപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.ഉപദ്രവിക്കപ്പെട്ട നടി പോലും ദിലീപിന്‍റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.













