ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജനതാദള്‍ (എസ്) ആവശ്യപ്പെട്ടു. കേരളത്തിലുള്ള ബി.ജെ.പി നേതാക്കള്‍ വിചാരിച്ചാല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനാവില്ല. അതുകൊണ്ട് കോഴ വാങ്ങിയതില്‍ കേരളത്തിന് പുറത്തുള്ളവരും ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വിജിലന്‍സ് അന്വേഷണത്തേക്കാള്‍ അഭികാമ്യം ജുഡീഷ്യല്‍ അന്വേഷണമാണെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. ജോര്‍ജ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സി.ബി.ഐയെ പൂര്‍ണമായും രാഷ്ട്രീയ ആയുധമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അത്തരത്തിലുള്ള അന്വേഷണംകൊണ്ട് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവില്ല. 10 വര്‍ഷത്തെ യു.പി.എ ഭരണത്തിലെ വ്യാപകമായ അഴിമതിയുടെ വളക്കൂറില്‍ അധികാരത്തിലെത്തിയ ബി.ജെ.പി ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും വക്താക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മീഷനും എന്‍.ഡി.എയുടെ കേരളത്തിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്സുമാണ് കണ്ടെത്തിയിരിക്കുന്നത്.
നോട്ടുനിരോധനം അടക്കം ഏതാനും കുത്തകകള്‍ക്കുവേണ്ടി നടപ്പാക്കുന്ന സാമ്ബത്തികപരിഷ്‌കാരങ്ങള്‍ ആശങ്കാജനകമാണ്. രാജ്യത്ത് നടപ്പാക്കുന്ന ആസിയാന്‍, ആര്‍.സി.ഇ.പി തുടങ്ങിയ കരാറില്‍നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്ബതിന് ജില്ലാ കേന്ദ്രങ്ങളില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജനതാദള്‍ (എസ്) കോട്ടയം ജില്ലാ പ്രസിഡന്റ് എം ടി കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍, ചീനിക്കുഴി രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.













