ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും; ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയ്ക്കാനാണ് ധാരണ. ഏഴാം പ്രതി ചാര്‍ളിയെ വിചാരണഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം.


കൃത്യത്തില്‍ പങ്കെടുത്തയാളെ രണ്ടാം പ്രതിയാക്കി മുഖ്യഗൂഡാലോചനക്കാരനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച്‌ പൊലീസ് വീണ്ടും വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ട്. ആദ്യകുറ്റപത്രത്തില്‍ കൃത്യത്തില്‍ പങ്കെടുത്തവരും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരും അടക്കം ഏഴുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിലീപടക്കം പതിനൊന്നുപേരാകും പുതിയ കുറ്റുപത്രത്തില്‍ പ്രതികളാകുക. ദിലീപിനെതിരായ തെളിവുകള്‍ പൂര്‍ണമായിത്തന്നെ ശേഖരിച്ചെന്നും മൊഴികളില്‍ അവസാനഘട്ട വ്യക്തത വരുത്തിയെന്നുമാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.




Sharing is Caring