തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല; ‘വിഎസ് പറഞ്ഞ പ്രമാണി പിണറായിയോ, കോടിയേരിയോ?’

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു ‘പ്രമാണിമാരാ’ണെന്നു വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണപരിഷ്‌കാര കമ്മിഷനായ വിഎസ് പറഞ്ഞ ആ ‘പ്രമാണി’ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ കോടിയേരിയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

തോമസ് ചാണ്ടിക്കെതിരായ ഗുരുതരമായ ആരോപണമായിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്ത മൗനംപാലിക്കുന്നത് ദുരൂഹമാണ്. മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷയാണ് തോമസ് ചാണ്ടിക്കെതിരെയുള്ളതെന്നും ആരോപണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഗതാഗതമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് 29ന് കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിക്കെതിരെ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉണ്ടായിട്ടും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ല. ഭൂമി കൈയേറിയെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. വയല്‍ കയ്യേറി നികത്തിയ ഭാഗം കാണിച്ചു തന്നാല്‍ മണ്ണ് മാറ്റി പൂര്‍വസ്ഥിതിയില്‍ ആക്കാമെന്നാണ് മന്ത്രി പറയുന്നത്. മോഷണം നടത്തിയ ശേഷം മോഷണ മുതല്‍ തിരിച്ചു നല്‍കാമെന്ന് പറയുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പരിഹസിച്ചു. മാധ്യമസ്ഥാപനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *