തെരുവ്നായ ശല്യം: മലയാളികള്‍ നിയമം കൈയിലെടുക്കുമെന്ന് സുപ്രീംകോടതി സമിതി

തെരുവ്നായ പ്രശ്നത്തില്‍ സജീവ നടപടികള്‍ സ്വീകരിക്കാത്ത കേരളത്തിനെതിരെ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ തെരുവ് നായകളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്ത കാരണം അവയുടെ വളര്‍ച്ചാനിരക്ക് മനുഷ്യര്‍ക്ക് ഭീഷണിയാവുന്ന നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതു നിമിഷവും കൈവിട്ടു പോകാവുന്ന നിലയിലാണ് സംസ്ഥാനത്തെ കാര്യങ്ങള്‍. നായകളെ പൊതുജനം തല്ലിക്കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ ജനങ്ങള്‍ നിയമം കൈയിലെടുത്ത് തെരുവ് നായകളെ കൊന്ന് തീര്‍ക്കും.

നായകളെ നിയന്ത്രിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം .ഇപ്പോള്‍ തന്നെ കേരളത്തിലെ പലപ്രദേശങ്ങളിലും തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നുണ്ടെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പാലിക്കുന്ന നിസ്സംഗ മനോഭാവം കേരളത്തിലെ ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. സ്കൂള്‍ കുട്ടികളും, സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായകളുടെ ആക്രമണത്തിനിരയാവുന്നത്. ഇവരിലധികവും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും മുന്‍ കേരള ഹൈക്കോടതി ജസ്റ്റിസ് എസ് സിരിഗജന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് എസ് സിരിഗജനെ കൂടാതെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയും ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറും സുപ്രീംകോടതി നിയമിച്ച സമിതിയില്‍ അംഗങ്ങളാണ്.
സംസ്ഥാനത്ത് പലയിടത്തും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ജയിലില്‍ പോവാനും തയ്യാറായാണ് പലരും നായകുരുതിക്ക് ഇറങ്ങുന്നത്. മാംസത്തില്‍ വിഷം കുത്തിവച്ച്‌ ആളുകള്‍ നായകളെ കൊല്ലുന്നത് കേരളത്തിലെ പരസ്യമായ രഹസ്യമാണ്.
നിയമം ലംഘിച്ചും തെരുവ് നായകളെ കൊല്ലുന്ന രീതി കേരളത്തിലെ പലയിടത്തും വ്യാപിക്കുകയാണ്. നായകളെ കൊന്ന് തള്ളുന്നതിനെതിരെ മൃഗസ്നേഹികളും ഒരു വശത്ത് പ്രതിഷേധമുന്നയിക്കുന്നുണ്ട്. ജനന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ തെരുവ് നായകള്‍ പെരുക്കുന്നത് തടയണമെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *