തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച്‌ പിടിയിലായ ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും

തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും.വര്‍ഷങ്ങളായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കര്‍ ഇ തയ്ബയ്ക്ക് ഹവാലാ മാര്‍ഗത്തില്‍ ഫണ്ടെത്തിക്കുന്ന ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ ദിയോബന്ദ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് എന്‍.ഐ.എ പിടികൂടിയത്.

ഇരുവരെയും കൊച്ചി ഓഫീസിലെത്തിച്ച ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകും.ഇന്നലെ വൈകിട്ട് ആറേകാലിന് റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസിലെത്തിയ ഇരുവരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *